പത്തനാപുരം: അയൽവാസിയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി ചികിത്സയിലിരിക്കെ മരിച്ചു. കുന്നിക്കോട് അൽഭി ഭവനിൽ സലാഹുദ്ദീൻ (64) ആണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

അയൽവാസിയായ അനിലിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു സലാഹുദ്ദീൻ. പക്ഷാഘാതം സംഭവിച്ചതിനെ തുടർന്ന് ജൂലൈ 12 മുതൽ ഇദ്ദേഹത്തെ പൊലീസ് കാവലിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് മരണം സംഭവിച്ചത്.

2022 സെപ്റ്റംബർ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സലാഹുദ്ദീനും മകൻ ദമീജ് അഹ്മദും ചേർന്നാണ് അനിലിനെ മർദിച്ച് കൊലപ്പെടുത്തിയതെന്നാണ് കേസ്. ഇവർ രണ്ടുപേർക്കും ജീവപര്യന്തം തടവാണ് ശിക്ഷ ലഭിച്ചിരുന്നത്. സലാഹുദ്ദീന്റെ ഭാര്യ സൈതലവി ഫാത്തിമയും മക്കളായ ഷാഹുൽ ഹമീദ്, അൽഫിയ എന്നിവരും ഉണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.