തൃശ്ശൂർ: ഏങ്ങണ്ടിയൂരിൽ മദ്യലഹരിയിലായിരുന്ന മകൻ തള്ളിയിട്ടതിനെ തുടർന്ന് ചുമരിൽ തലയിടിച്ച് എഴുപത്തിയൊന്നുകാരൻ മരിച്ചു. ഏങ്ങണ്ടിയൂർ മണപ്പാട് മോങ്ങാടി വീട്ടിൽ രാമു ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ രാഗേഷിനെ (35) വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. മദ്യലഹരിയിൽ വീട്ടിലെത്തിയ രാഗേഷ്, അച്ഛൻ രാമുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. ഇതിനിടെ രാഗേഷ് രാമുവിനെ പിടിച്ചു തള്ളുകയും തുടർന്ന് ചുമരിൽ തലയിടിച്ച് വീണ് രാമുവിന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. സംഭവസമയത്ത് വീട്ടിൽ രാമുവും രാഗേഷും മാത്രമാണ് ഉണ്ടായിരുന്നത്.

തലയിടിച്ച് വീണ രാമുവിന് അനക്കമില്ലാതായതോടെ, ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്ന അമ്മ ശകുന്തളയെ രാഗേഷ് വിവരം അറിയിച്ചു. ശകുന്തള സ്ഥലത്തെത്തി രാമുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് രാഗേഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. വധശ്രമം ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാഗേഷ്.