കണ്ണൂര്‍: മുന്‍ കൊട്ടാരക്കര എം.എല്‍.എ ഐഷാ പോറ്റി പാര്‍ട്ടി വിട്ടത് ദൗര്‍ഭാഗ്യകരമാണെന്ന് സി. പി. എ ംസംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജന്‍ പറഞ്ഞു. സി.പി. എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനഞ്ചു വര്‍ഷം എം. എല്‍. എയും രണ്ടു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു അവരെന്നും സി.പി. എം ബന്ധമുപേക്ഷിച്ചത് എന്തു അവഗണനയിലാണെന്നും അറിയില്ലെന്നും ജയരാജന്‍ പറഞ്ഞു.

ജോസ് കെ. മാണി യു.ഡി. എഫിലേക്ക് പോകുന്നില്ലെന്നു തെളിഞ്ഞു കഴിഞ്ഞിരുന്നു. പത്തനംതിട്ടയില്‍ നിന്നും എര്‍ണാകുളം വരെ എല്‍. ഡി. എഫ് മധ്യ മേഖലാ ജാഥ താന്‍ തന്നെ നയിക്കുമെന്ന് ജോസ് കെ. മണി പറഞ്ഞിട്ടുണ്ട്. ജോസ് കെ. മാണി എല്‍. ഡി. എഫ് വിടുന്നുവെന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്ന് തെളിഞ്ഞില്ലേയെന്നും എം.വി ജയരാജന്‍ ചോദിച്ചു. താന്‍ മത്സര രംഗത്തുണ്ടാവുമോയെന്ന ചോദ്യത്തിന് കഴിവും പ്രാപ്തിയുളളര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വരുമെന്ന് ജയരാജന്‍ പറഞ്ഞു. ജയരാജനെക്കാള്‍ കഴിവുളളവര്‍ സ്ഥാനാര്‍ത്ഥികളായി വരും. ഈക്കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. അതിന്റെ കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്നും എം.വി ജയരാജന്‍ പറഞ്ഞു.

ജനങ്ങളുടെ അടുത്തു നിന്നും പണം പിരിക്കുക മുക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ പരിപാടിയെന്നും ജയരാജന്‍ പറഞ്ഞു. സി.കെ ഗോവിന്ദന്‍ നായര്‍ക്കും കെ.കരുണാകരനും സ്മാരകം നിര്‍മിക്കാന്‍ പണം പിരിച്ചു അതുകാണാനില്ല. വയനാട്ടിലെ ദുരിത ബാധിതര്‍ക്കായി വീടുണ്ടാക്കുമെന്ന് പറഞ്ഞു. ഇപ്പോള്‍ ഭൂമിയും വീടുമില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കര്‍ണാടകയിലെ യെഹ്ലങ്കയിലേക്ക് പോകണം.വീടുനിര്‍മിച്ചു കൊടുക്കേണ്ടത് അവിടെയാണെന്നും ജയരാജന്‍ പറഞ്ഞു. വയനാട് ദുരിതാശ്വാസ നിധിയിലേക്കും ഭവനനിര്‍മാണത്തിനും ഫണ്ടു പിരിച്ച ഒരു എം. എല്‍. എ ഇപ്പോള്‍ ജയിലിലാണ്. വി.ഡി സതീശന്‍ പുറത്തിറക്കുന്ന ബോംബുകളൊന്നും പൊട്ടുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു.

ബി.ജെ.പി ബന്ധമാരോപിച്ചാണ് ഇപ്പോള്‍ എല്‍.ഡി എഫിനെ കുറ്റപ്പെടുത്തുന്നത്. കൂത്തുപറമ്പില്‍ ജനതാ പാര്‍ട്ടിയുടെ പിന്‍തുണയാണ് അന്നവിടെ മത്സരിച്ച പിണറായിക്ക് കിട്ടിയത്. അന്ന് എല്ലാപാര്‍ട്ടിക്കാരും നാവടക്കൂ പണിയെടുക്കൂവെന്ന് പറഞ്ഞ് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയ്ക്കെതിരെ ഒന്നിച്ചത്. കെ.സുധാകരന്‍ അന്ന് ജനതാപാര്‍ട്ടിക്കാരനായിരുന്നുവെന്നു എന്തുകൊണ്ടു ആരും പറയുന്നില്ലെന്നും എം.വി ജയരാജന്‍ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മടത്ത് മത്സരിക്കണോമെന്ന കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. കഴിവും പ്രാപ്തിയുമുളളവര്‍ ഇത്തവണ സ്ഥാനാര്‍ത്ഥികളാകുമെന്നും ജനങ്ങള്‍ എല്‍.ഡി. എഫിനെ കൈവെടിയില്ലെന്നും ജയരാജന്‍ പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയെന്നു പറയുമ്പോഴും 57 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം എല്‍.ഡി. എഫിനാണ്. ഇതിനു പുറമേയുളള മണ്ഡലങ്ങളില്‍ നേരിയ ഭൂരിപക്ഷം മാത്രമേ യു.ഡി. എഫിനുളളൂ.2010-ല്‍ തദ്ദേശസ്വയം ഭരണതെരഞ്ഞെടുപ്പില്‍ എല്‍.ഡി. എഫിന് തിരിച്ചടിയേറ്റിട്ടും പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 68 സീറ്റുകള്‍ നേടി ഭരണത്തിന് അടുത്തെത്തിയത് ഓര്‍ക്കണമെന്നും എം,വി ജയരാജന്‍ പറഞ്ഞു.