പാറശാല: നികുതിയടയ്ക്കാതെ കേരളാതിർത്തിയിൽ പ്രവേശിച്ച മഹാരാഷ്ട്ര രജിസ്ട്രേഷൻ ടൂറിസ്റ്റ് ബസ്സിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. 2.31 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയത്. നികുതിക്ക് പുറമേയാണ് പിഴ തുക ഈടാക്കിയത്. വെള്ളിയാഴ്‌ച്ചയാണ് സംഭവം.റോഡ് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനാതിർത്തിയായ ഇഞ്ചിവിളയിലാണ് പരിശോധന മറികടന്ന് സർവ്വീസ് നടത്തുന്നതിനിടെ ടൂറിസ്റ്റ് ബസ് എംവിഡിയുടെ പിടിയിലാവുന്നത്.

ബെംഗളൂരുവിൽ നിന്നെത്തിയ ബസ്സ് ഇഞ്ചിവിളയിൽവെച്ച് യാത്രക്കാരെ ഇറക്കി തിരികെ പോകുന്നതിനിടെയാണ് എംവിഡി പരിശോധന. പിടിച്ചെടുത്ത വാഹനം പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലേക്ക് മാറ്റി. ഓൾ ഇന്ത്യാ പെർമിറ്റ് ഉണ്ടെങ്കിലും സംസ്ഥാനത്തെ നികുതിയടച്ചാൽ മാത്രമേ വാഹനങ്ങൾക്ക് സംസ്ഥാനാതിർത്തിയിലേക്ക് പ്രവേശിക്കാൻ കഴിയൂ. നികുതിയടയ്ക്കാതെ വരുന്ന വാഹനങ്ങൾക്കെതിരെ തുടർന്നും നടപടിയുണ്ടാവുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ അജിത്ത് കുമാർ പറഞ്ഞു.