കോട്ടയ്ക്കൽ: രണ്ടു ഹെഡ് ലൈറ്റുമില്ലാതെ രാത്രി സർവീസ് നടത്തി കെ.എസ്.ആർ.ടി.സി. ബസിനെതിരെ നടപടി സ്വീകരിച്ചു മോട്ടോർ വാഹന വകുപ്പ്. തിങ്കളാഴ്ച രാത്രി കോട്ടയ്ക്കലിൽനിന്നെത്തിയ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ രാത്രികാല പരിശോധനയിലാണ് ഇത്തരത്തിൽ ഒരു ബസ് പിടികൂടിയത്.

തിരൂർ - പൊന്നാനി റൂട്ടിൽ, രണ്ട് ഹെഡ് ലൈറ്റുമില്ലാതെ രാത്രിയിൽ ആളെ കുത്തിനിറച്ച് സർവീസ് നടത്തുകയായിരുന്നു കെ.എസ്.ആർ.ടി. സി ബസ്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ചമ്രവട്ടം പാലത്തിന് സമീപം ബസിനെ വളഞ്ഞിട്ട് പിടിച്ചു. പരിശോധനയിൽ ബസിന്റെ രണ്ട് ഹെഡ് ലൈറ്റുകളും കത്തുന്നില്ലെന്ന് കണ്ടെത്തി. തെരുവുവിളക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും വെളിച്ചത്തിലാണ് ഇത്രയും ദൂരം ബസ്ഓടിയതെന്ന്ഉദ്യോഗസ്ഥർ പറഞ്ഞു.

വഴിയിൽ കുടുങ്ങിയ യാത്രികർക്ക് പകരം സംവിധാനം ഒരുക്കാൻ കെ.എസ്.ആർ.ടി.സി. അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പിന്റെ അകമ്പടിയിൽ ബസ് പൊന്നാനി ഡിപ്പോയിലെത്തിച്ച ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ബന്ധപ്പെട്ടവർക്കെതിരെ നിയമ നടപടി സ്വികരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ് എം വിഐ. പി.കെ. മുഹമ്മദ് ഷഫീഖ്, എ.എം വിഐമാരായ കെ.അർ. ഹരിലാൽ, വിജീഷ് വാലേരി എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.