കണ്ണൂർ: വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുൻ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥ ചിറക്കര കുഴിപ്പങ്ങട്ടെ കളത്തിൽ വീട്ടിൽ കെ.പ്രഭാവതിയെയാണ് (74) വീട്ടിനകത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്.പരേതനായ കുമാരന്റെ മകളാണ്.

അവിവാഹിതയായ ഇവർ തനിച്ചാണ് താമസം. സമീപത്ത് തന്നെ ബന്ധുക്കൾ ഉണ്ടെങ്കിലും ആരുമായും ഇവർ ബന്ധം പുലർത്താറില്ല .ഇവരുടെ ബന്ധുവായ സ്ത്രീ പല തവണ ഇവരെ ഫോണിൽ വിളിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്ന് ഇവരുടെസഹോദരന്റെ മകനെ വിളിച്ച് പറയുകയായിരുന്നു.

വ്യാഴാഴ്‌ച്ച ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് ഇവരെ വീടിന്റെ നടുത്തളത്തിൽ മരിച്ച നിലയിൽ കാണുന്നത് . തലശേരി പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന സ്ഥലത്ത് എത്തി.

മൃതദേഹത്തിന് രണ്ട് ദിവസത്തെങ്കിലും പഴക്കമുണ്ടെന്ന് കരുതുന്നു. പോസ്റ്റ്‌മോർട്ടത്തിനായി തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി പൊലീസ് ഇൻക്വസ്റ്റ് നടത്തി. വീടിന്റെ മുൻ വശത്തെ ഗ്രിൽസ് പൂട്ടിയ നിലയിലായിരുന്നു. തലശ്ശേരി പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. ഫോറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.

ആറാം തീയ്യതി മുതലുള്ള ന്യൂസ് പേപ്പറുകൾ ഗേറ്റിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർ അയൽ വീട്ടുകാരോട് വലിയ അടുപ്പം സൂക്ഷിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് പരിശോധന പൂർത്തിയായാൽ മാത്രമേ മരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂ. വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.