കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ പയ്യാവൂരിൽ റവന്യൂ ഉദ്യോഗസ്ഥനെ വില്ലേജ് ഓഫീസിന് മുൻപിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കുന്നതിനായി പയ്യാവൂർ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. തളിപറമ്പ് ചുഴലി വില്ലേജിലെ സ്പെഷ്യൽ ഓഫീസറെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പയ്യാവൂർ കുന്നത്തൂർ കുഞ്ഞിപറമ്പിലെ രാജേന്ദ്രനാണ്(53) മരിച്ചത്. ബുധനാഴ്‌ച്ച രാവിലെ ആറുമണിയോടെ വ്യാപാരികളും നാട്ടുകാരുമാണ് മൃതദേഹം കണ്ടത്. വരാന്തയോടു ചേർന്നു പ്ളാസ്റ്റിക്ക് കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. കാൽപാദം നിലത്തോട് ചേർന്നിരുന്നാണുള്ളത്. മാത്രമല്ല ജീവനൊടുക്കാൻ ഉപയോഗിച്ചത് പഴയതും ദുർബലവുമായ കയറാണ്. ഇതും പൊലിസ് അന്വേഷിക്കുന്നുണ്ട്.

വ്യാപാരികൾ വിവരമറിയിച്ചതിനെ തുടർന്ന് പയ്യാവൂർ പൊലിസെത്തിയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചത്. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽകോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇയാൾക്ക് നഴ്സായ ഭാര്യയും മകളുമുണ്ട്. ഇരിട്ടി താലൂക്കിലും നുച്യാട്, പയ്യാവൂർ വില്ലേജ് ഓഫീസുകളിലും ജോലി ചെയ്തിരുന്നു.ചുഴലി, പയ്യാവൂർ വില്ലേജ് ഓഫീസുകളിലും ജോലി ചെയ്തിരുന്നു.ചുഴലി ഓഫീസിൽ ചാർജെടുത്തുവെങ്കിലും കുറെകാലമായി അവധിയിലാണെന്ന് സഹപ്രവർത്തകർ പറയുന്നു.

പയ്യാവൂരിലേക്ക് മാറാൻ വകുപ്പുതലത്തിൽ അപേക്ഷ കൊടുത്തിരുന്നുവെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ചുഴലി വില്ലേജ് ഓഫീസ് ജീവനക്കാരനായ ഇദ്ദേഹം ടെൻഡർ ജോലികൾക്കും മറ്റുമായി പയ്യാവൂരിലെ ഓഫീസിലെത്താറുണ്ടെന്ന് ജീവനക്കാർ പറഞ്ഞു. കടുത്ത സാമ്പത്തിക ബാധ്യതയാണ് വില്ലേജ് ഓഫീസർ ജീവനൊടുക്കാൻകാരണമെന്നാണ് പൊലിസ് നൽകുന്ന പ്രാഥമിക സൂചന. ഇതേ കുറിച്ചു പയ്യാവൂർ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മദ്യപാന ശീലമുള്ളയാളാണ് രാജേന്ദ്രനെന്നാണ് പൊലിസ് നൽകുന്ന വിവരം.