ആലപ്പുഴ: കുട്ടനാട്ടിലെ സിപിഎം വിമതർക്കെതിരേ ആഞ്ഞടിച്ച് പാർട്ടി ജില്ലാ സെക്രട്ടറി ആർ.നാസർ. വിമതർക്ക് നേതൃത്വം നൽകുന്ന രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാർ തട്ടിപ്പുകാരനാണെന്ന് ആർ.നാസർ ആരോപിച്ചു. അടുത്തയിടെ കുട്ടനാട്ടിലെ 222 സിപിഎം പ്രവർത്തകരാണ് വിഭാഗീയത മൂലം പാർട്ടി വിട്ട് സിപിഐയിൽ ചേർന്നത്. സിപിഎം ഭരിക്കുന്ന രാമങ്കരി പഞ്ചായത്തിന്റെ പ്രസിഡന്റ് രാജേന്ദ്രബാബു ഉൾപ്പെടെയുള്ളവരാണ് സിപിഐയിൽ ചേക്കേറിയത്.

അന്തസുണ്ടെങ്കിൽ രാജേന്ദ്രകുമാർ രാജി വയ്ക്കണമെന്നും നാസർ ആവശ്യപ്പെട്ടു. ശനിയാഴ്ച രാമങ്കരിയിൽ നടന്ന വിശദീകരണയോഗത്തിലാണ് സിപിഐയിൽ ചേർന്നവർക്കെതിരേ സിപിഎം ജില്ലാ സെക്രട്ടറി രൂക്ഷ വിമർശനം ഉന്നയിച്ചത്. രാജേന്ദ്രകുമാർ തട്ടിപ്പുകാരനാണ്. നേരത്തേ സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നപ്പോൾ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇത്തരം ആളുകളാണ് സിപിഐയിലേക്ക് പോകുന്നതെന്നും നാസർ പറഞ്ഞു.

ഇവരോടൊപ്പം പോയ മറ്റൊരു നേതാവ് കുഞ്ഞുമോൻ ലൈഫ് മിഷൻ പദ്ധതിയിൽ തട്ടിപ്പ് നടത്തിയതിന്റെ പേരിൽ പുറത്താക്കപ്പെട്ട ആളാണ്. ഇത്തരം ആളുകൾ പോയാലും പാർട്ടിക്ക് ഒരു ചുക്കുമില്ലെന്നും നാസർ കൂട്ടിച്ചേർത്തു.