കോഴിക്കോട്: നവകേരള സദസ്സിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരേ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ എംപി. പ്രവർത്തകർക്ക് തല്ല് കിട്ടുമ്പോൾ നവകേരളസദസ്സിൽ പോയി ചായ കുടിക്കുന്നവർ കോൺഗ്രസ് അല്ലെന്നും അങ്ങനെയുള്ളവർ പാർട്ടിയിൽ വേണ്ടെന്നും മുരളീധരൻ പറഞ്ഞു. കോഴിക്കോട് ഡിസിപി മുഖ്യമന്ത്രിക്കുവേണ്ടി ഗുണ്ടാ പണി എടുക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു.

രണ്ടുമൂന്ന് പേർ പ്രഭാതയോഗത്തിന് പോയതുകൊണ്ട് കോൺഗ്രസ് ഇല്ലാതാവില്ല. പിണറായിയുടെ ചായ കുടിച്ചാലെ കോൺഗ്രസ് ആവൂ എന്ന് കരുതുന്നവർ പാർട്ടിയിൽ വേണ്ട. പ്രവർത്തകർക്ക് തല്ല് കിട്ടുമ്പോൾ ചായ കുടിക്കുന്നവൻ കോൺഗ്രസ് അല്ല. അങ്ങനെ പോയവർക്കെതിരേ നടപടിയുണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.

കുട്ടിയെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കാൻ മാധ്യമങ്ങളുടെ പ്രവർത്തനം സഹായിച്ചെന്ന് മുരളീധരൻ പറഞ്ഞു. വിഷയത്തെ ലോകശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിൽ അവതരിപ്പിക്കാനും പൊലീസ് അന്വേഷണം കാര്യക്ഷമമാക്കാനും മാധ്യമങ്ങൾ സഹായിച്ചു. അന്വേഷണ സഹായകമാകുന്ന വിധത്തിലാണ് കേരളത്തിലെ മാധ്യമങ്ങൾ പ്രവർത്തിച്ചത്. ഇല്ലെങ്കിൽ ഇതൊരു ഒറ്റപ്പെട്ടവിഷയമായി പോകുമായിരുന്നു. മുഴുവൻ മാധ്യമങ്ങളെയും അഭിനന്ദിക്കുന്നെന്നും മുരളീധരൻ പറഞ്ഞു.