തിരുവനന്തപുരം: 'ഗരുഡ പ്രീമിയം' എന്ന പേരിൽ സർവീസ് ആരംഭിച്ച നവകേരളബസിന്റെ ഡോർ ആദ്യ യാത്രയിൽ തന്നെ തകർന്നെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ആർ.ടി.സി. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം. ഡോറിന് മെക്കാനിക്കൽ തകരാറൊന്നും ഇല്ലെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

പുലർച്ചെ നാലിന് കോഴിക്കോട് നിന്ന് ആരംഭിച്ച് 11.30-ഓടെ ബംഗളൂരുവിൽ എത്തുന്ന രീതിയിലാണ് സർവീസ്. എന്നാൽ, വൈകി സർവീസ് ആരംഭിച്ചതിനാൽ ഉച്ചയോടെയാണ് ബസ് ബംഗളൂരുവിൽ എത്തിയത്.

സുൽത്താൻബത്തേരിയിൽ എത്തിയപ്പോൾ ഡോർ എമർജൻസി സ്വിച്ച് റീസെറ്റ് ചെയ്ത് യാത്ര തുടർന്നു. യാത്രക്കാരുടെ സുരക്ഷ്യുടെ ഭാഗമായി അടിയന്തരഘട്ടത്തിൽ മാത്രം ഡോർ ഓപ്പൺ ആക്കേണ്ട സ്വിച്ച് ആരോ അബദ്ധത്തിൽ പ്രസ്സ് ചെയ്തതാണ് ഇങ്ങനെ സംഭവിക്കാൻ കാരണമെന്നും ബസിന് ഇതുവരെ ഡോർ സംബദ്ധമായ യാതൊരു തകരാറും ഉണ്ടായിട്ടില്ലെന്നും കുറിപ്പിൽ പറഞ്ഞു.

ആദ്യ സർവീസിൽ തന്നെ ബസ് ഹൗസ് ഫുള്ളായിരുന്നു. എല്ലാദിവസവും പുലർച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബംഗളൂരുവിൽ എത്തും. പകൽ 2.30ന് ബംഗളൂരുവിൽ നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും.