നെടുമ്പാശ്ശരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിമാനത്തിനുള്ളിൽ സീറ്റിൽ ഒളിപ്പിച്ച നിലയിൽ 6.7 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. ആറ് പേരെ അറസ്റ്റ് ചെയിതിട്ടുണ്ട്. ബുധനാഴ്ച രാത്രി ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യാ വിമാനത്തിൽ നിന്നാണ് റവന്യൂ ഇന്റലിജൻസ് വിഭാഗം സ്വർണം പിടിച്ചെടുത്തത്. ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിആർഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി സ്വർണം പിടിച്ചെടുക്കുകയായിരുന്നു.

സ്വർണം മിശ്രിത രൂപത്തിലാക്കി സ്വീറ്റിനടിയിൽ പൊതിഞ്ഞു വെച്ചിരിക്കുകയായിരുന്നു. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വർണം ആഭ്യന്തര ടെർമിനലിലൂടെ പുറത്തെത്തിക്കുന്ന സംഘമാണ് പിടിയിലായത്. ദുബായിൽ നിന്നും സ്വർണം കടത്തി കൊണ്ടുവന്ന മൂന്ന് പേരെയും കൊച്ചിയിൽ നിന്ന് ഡൽഹിക്ക് പോകാനായി വിമാനത്തിൽ കയറിയ മൂന്ന് പേരെയുമാണ് ഡിആർഐ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

കസ്റ്റഡിയിലെടുത്ത ആറ് പേരും മലപ്പുറം സ്വദേശികളാണ്. ദുബായിൽ നിന്നും കൊച്ചിയിലെത്തിയ ശേഷം വിമാനം ഡൽഹിക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ദുബായിൽ നിന്ന് കയറുന്നവർ സ്വർണം സീറ്റിനടിയിൽ ഒളിപ്പിക്കുകയും കൊച്ചിയിൽ നിന്ന് ആഭ്യന്തര യാത്രയ്ക്കായെത്തുന്നവർ ഇത് പുറത്തെത്തിക്കുകയുമാണ് ചെയ്തിരുന്നത്. കള്ളക്കടത്ത് സംഘങ്ങൾ പതിവായി ഉപയോഗിക്കുന്ന രീതിയാണിതെന്ന് ഡിഐഐ ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്നരകോടിയിലധികം രൂപ വില വരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.