തൃശ്ശൂർ: ക്രൈംബ്രാഞ്ച് എസ്‌ഐ.യെ സിഐ. കള്ളക്കേസിൽ കുടുക്കിയെന്ന് പരാതി. തൃശ്ശൂരിലെ ക്രൈംബ്രാഞ്ച് എസ്‌ഐ. ടി.ആർ. ആമോദിനെ നെടുപുഴ സിഐ. ടി.ജി. ദിലീപ് കള്ളക്കേസിൽ കുടുക്കിയെന്നയാണ് പരാതി. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കള്ളക്കേസുണ്ടാക്കി എസ്‌ഐ.യെ സിഐ.യെ കസ്റ്റഡിയിലെടുത്തെന്നാണ് ആരോപണം. സംഭവത്തിൽ എസ്‌ഐ.യുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. 

ജൂലായ് 30-നായിരുന്നു സംഭവം. നെടുപുഴ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ആമോദിനെ പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കേസിലാണ് കസ്റ്റഡിയിലെടുത്തത്. റോഡരികിലെ മരക്കമ്പനിയിലിരുന്ന് ചിലർ മദ്യപിക്കുന്ന വിവരം ലഭിച്ചാണ് സിഐ.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവിടെയെത്തിയത്. പൊലീസ് പരിശോധന നടത്തിയപ്പോൾ മദ്യക്കുപ്പികളും കണ്ടെത്തി. തുടർന്ന് ആമോദ് ഉൾപ്പെടെയുള്ളവരാണ് ഇവിടെ മദ്യപിച്ചതെന്ന് ആരോപിച്ച് റോഡരികിലുണ്ടായിരുന്ന എസ്‌ഐ.യെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബ്രത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയിൽ നേരിയ അളവിൽ ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാൽ, പിന്നീട് ആശുപത്രിയിലെത്തിച്ച് നടത്തിയ വൈദ്യപരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്താനായില്ല. ഒരുദിവസത്തോളം എസ്‌ഐ.യെ കസ്റ്റഡിയിൽവെച്ചെന്നാണ് കുടുംബത്തിന്റെ പരാതി.