പാലക്കാട്: പാലക്കാട് നെന്മാറയിൽ മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകൻ മുകുന്ദനെ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ഇന്ന് രാവിലെ വീടിന് പുറത്ത് ആളുകളെ കാണാതിരുന്നതോടെ ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് ഇരുവരും മരിച്ച നിലയിൽ കണ്ടത്.

മുകുന്ദനെ വെട്ടിയ ബാലകൃഷ്ണൻ മരണം ഉറപ്പാക്കിയ ശേഷമാണ് തൂങ്ങി മരിച്ചത്. കടുത്ത പ്രമേഹ രോഗിയായ മകനെ നോക്കാനുള്ള ബുദ്ധിമുട്ടിലാണ് ബാലകൃഷ്ണൻ ഇതു ചെയ്തതെന്നാണ് സൂചന. പ്രമേഹ ബാധിതനായ മുകുന്ദന് കാലിലും മറ്റും വൃണങ്ങളുണ്ടായിരുന്നു. ബാലകൃഷ്ണന്റെ ഭാര്യ നേരത്തെ മരിച്ചതാണ്.

65-കാരനായ തനിക്ക് മകനെ നോക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് ബാലകൃഷ്ണൻ ബന്ധുക്കളോടും മറ്റും പറഞ്ഞിരുന്നു. സംഭവത്തിൽ നെന്മാറ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.