ആലപ്പുഴ: ധൻബാദ്-ആലപ്പുഴ എക്സ്പ്രസ് ട്രെയിനിൻ്റെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി.ധൻബാദിൽ നിന്ന് ആലപ്പുഴ റെയിൽവെ സ്റ്റേഷനിലെത്തിയ ട്രെയിനിലെ എസ് 3 കോച്ചിലെ ശുചിമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇന്നലെ രാത്രിയാണ് ട്രെയിൻ ആലപ്പുഴയിലെത്തിയത്.

റെയിൽവെ അധികൃതർ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ മൃതദേഹം കണ്ടെത്തിയത്. റെയിൽവെ പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു.

സംഭവത്തെക്കുറിച്ച് റെയിൽവെ അധികൃതരും പോലീസും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞ് ആരുടേതാണെന്നും, എങ്ങനെയാണ് മൃതദേഹം ട്രെയിനിലെത്തിപ്പെട്ടതെന്നുമുള്ള കാര്യങ്ങൾ അന്വേഷണത്തിൽ വ്യക്തമാകുമെന്നാണ് അധികൃതർ നൽകുന്ന വിവരം.