ആലപ്പുഴ: അമ്പലപ്പുഴയില്‍ വാഹന പരിശോധനക്കിടെ മാന്‍ കൊമ്പുമായി രണ്ട് യുവാക്കള്‍ പിടിയില്‍. മാനിന്റെ കൊമ്പോട് കൂടിയ തലയോടിയുമായാണ് യുവാക്കള്‍ പിടിയിലായത്. അമ്പലപ്പുഴ നീര്‍ക്കുന്നം സ്വദേശികളായ ശ്യാം, ശ്യാം ലാല്‍ എന്നിവരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനക്കിടെയാണ് കാറില്‍ കൊണ്ട് പോകുകയായിരുന്ന മാന്‍ കൊമ്പുമായി ഇവരെ പിടികൂടിയത്. അമ്പലപ്പുഴ ആമയിടയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പുരാതന വസ്തുക്കള്‍ക്കൊപ്പം ഉണ്ടായിരുന്ന മാന്‍ കൊമ്പ് യുവാക്കള്‍ മോഷ്ടിക്കുകയായിരുന്നു. അമ്പലപ്പുഴ പൊലീസ് കേസെടുത്ത ശേഷം പ്രതികളെ വനം വകുപ്പുദ്യോഗസ്ഥര്‍ക്ക് കൈമാറി. പ്രതികളെ റാന്നി റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. മാന്‍ കൊമ്പ് കടത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.