തിരുവനന്തപുരം: രാജ്യത്തെ ആദ്യ സംയോജിത ഇന്ധന കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കുന്നു. നഗരത്തിൽ ആനയറയിൽ സർക്കാർ വിട്ടു നൽകിയ ഭൂമിയിലാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സംയോജിത ഇന്ധന കേന്ദ്രം സ്ഥാപിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഫേസ്‌ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സിഎൻജി, എൽഎൻജി തുടങ്ങിയ ഇന്ധനങ്ങളുടെ വിതരണത്തിനുള്ള കേന്ദ്രമാണ് സ്ഥാപിക്കുന്നത്. ഇതിനായി 1.78 ഏക്കർ സ്ഥലം സംസ്ഥാനസർക്കാർ ഐഒസിക്ക് വിട്ടു നൽകി.

എൽഎൻജി സംഭരണകേന്ദ്രം, ഫില്ലിങ് യൂണിറ്റ് , എൽഎൻസിജി ഉത്പാദന-സംഭരണ-വിതരണകേന്ദ്രം, പെട്രോൾ-ഡീസൽ വിതരണം എന്നിവയ്ക്കുള്ള കേന്ദ്രമാണ് ആനയറയിൽ ഉണ്ടാവുക. ഈ കേന്ദ്രത്തിൽ നിന്നും കെഎസ്ആർടിസിക്കും ഇന്ധനം ലഭ്യമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.തിരുവനന്തപുരം നഗരത്തിൽ അഞ്ച് പെട്രോൾ പമ്പുകളിൽ സിഎൻജി സ്റ്റേഷനുകളും സ്ഥാപിക്കും. നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും സിഎൻജി ലഭ്യത ഉറപ്പു വരുത്തുന്ന രീതിയിലാകും ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുക. അന്തരീക്ഷ മലിനീകരണം കുറക്കാനും ഇന്ധനചെലവ് കുറക്കാനുമുള്ള പദ്ധതികൾക്ക് മുൻതൂക്കം നൽകുന്നതിന്റെ ഭാഗമായാണ് തലസ്ഥാനത്തെ പദ്ധതികളെന്നും മുഖ്യമന്ത്രി അറിയിച്ചു.