വയനാട്: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിലൂടെ നിരവധി കുടുംബങ്ങളുടെ പ്രതീക്ഷയാണ് വേരറ്റു പോയത്. ദുരന്തഭൂമിയില്‍ നിന്നും രക്ഷപ്പെട്ടവരുടെ പുനരധിവാസമാണ് അടുത്ത ഘട്ടം . നിരവധി ആളുകളുടെ കാരുണ്യ സ്പര്‍ശവും സഹായഹസ്തങ്ങളും ഇതിനോടകം തന്നെ വയനാട്ടിലേക്ക് എത്തി. ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് കൈത്താങ്ങാവുകയാണ് ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. 'വയനാട്ടിലെ കുട്ടികള്‍ക്കൊപ്പം' എന്ന ഹാഷ് ടാഗോഡ് കൂടിയാണ് പ്രവര്‍ത്തനങ്ങള്‍.

ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായ എല്ലാ കുട്ടികളുടെയും പഠനം, കരിയര്‍ ഡിസൈന്‍ എന്നിവ മുതല്‍ ജോലി കിട്ടുന്നത് വരെയുള്ള എല്ലാ ചിലവുകളും ഏരീസ് ഗ്രൂപ്പ് ഏറ്റെടുക്കും. അതോടൊപ്പം മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട ജീവിതം പ്രതിസന്ധിയിലായ പത്ത് കുട്ടികളുടെ പഠനച്ചിലവും ഇതോടൊപ്പം സ്ഥാപനം ഏറ്റെടുക്കുമെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സര്‍ സോഹന്‍ റോയ് പറഞ്ഞു .

'കുട്ടികളുടെ പഠനത്തിനാവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കി വയനാടിന്റെ പുനര്‍നിര്‍മ്മാണ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.മാതാപിതാക്കളുടെ വേര്‍പാടിലൂടെയും ദുരന്തക്കാഴ്ചകളിലൂടെയും മാനസികമായി ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുട്ടികള്‍ക്ക് സ്ഥാപനത്തിലെ ഹാപ്പിനസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പിന്തുണയോടെ വേണ്ടുന്ന സഹായങ്ങള്‍ ലഭ്യമാക്കും .വയനാട്ടിലേക്ക് നിരവധി സഹായ വാഗ്ദാനങ്ങളും സഹായങ്ങളും ഇതിനോടകം തന്നെ എത്തിച്ചേര്‍ന്നിട്ടുണ്ട് , അവരെയെല്ലാം പ്രത്യേകം അഭിനന്ദിക്കുന്നു. ഏരീസ് ലക്ഷ്യമിടുന്നത് അവിടുത്തെ കുഞ്ഞുങ്ങളുടെ ഭാവിയാണ് ' സോഹന്‍ റോയ് പറഞ്ഞു.

നേപ്പാള്‍ ഭൂകമ്പം , 2018ലെ കേരളത്തിലെ വെള്ളപ്പൊക്കം, കോവിഡ് തുടങ്ങിയ ദുരന്ത സമയങ്ങളില്‍ എല്ലാം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഏരീസ് നടപ്പിലാക്കിയത്. സമുദ്ര സംബന്ധിയായ വ്യാവസായിക മേഖലയില്‍ ആഗോളതലത്തിലെ മുന്‍നിരക്കാരായ ഏരീസ് ഗ്രൂപ്പിന് അഞ്ചു വിഭാഗങ്ങളില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സ്ഥാനവും, പത്ത് വിഭാഗങ്ങളില്‍ ഗള്‍ഫ് മേഖലയിലെ ഒന്നാം നമ്പര്‍ സ്ഥാനവുമുണ്ട്. 29 ഓളം രാജ്യങ്ങളില്‍ 66ലേറെ കമ്പനികളടങ്ങുന്ന ഒരു വിശാല സാമ്രാജ്യം തന്നെ ഷാര്‍ജ ആസ്ഥാനമായ ഈ ഗ്രൂപ്പിന് ഉണ്ട് . ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ജീവനക്കാരുടെ മാനസിക ഉല്ലാസത്തിനായി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയതിലും സ്ഥാപനം മുന്നിലാണ്.