തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് രോഗികളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കി. ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് അടിയന്തരമായി ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കത്ത് പൂര്‍ണരൂപത്തില്‍

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അപൂര്‍വമായ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുന്ന സാഹചര്യം ഏറെ ആശങ്കാജനകമാണ്. മരണ നിരക്ക് കൂടുതലുള്ള ഈ രോഗം പടരുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കഴിഞ്ഞ മാസങ്ങളില്‍ ഈ രോഗം പിടിപെട്ട് കുട്ടികള്‍ മരിച്ച സാഹചര്യമുണ്ടായി. ഇപ്പോള്‍ രോഗം തിരുവനന്തപുരം ജില്ലയിലും ബാധിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് ആറോളം പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുകയും 39 പേര്‍ രോഗ ലക്ഷണങ്ങളുമായി നിരീക്ഷണത്തിലുമാണെന്നുമാണ് വിവരം. രോഗം ബാധിച്ച നെയ്യാറ്റിന്‍കര സ്വദേശി കഴിഞ്ഞ മാസം 23നു മരിച്ചു.

മുങ്ങിക്കുളിക്കുമ്പോള്‍ ചെവിയിലൂടെയോ മൂക്കിലൂടെയോ ബാക്ടീരിയ തലച്ചോറില്‍ എത്തുന്നതാണ് രോഗ കാരണമെന്നതാണ് പൊതുധാരണയെങ്കിലും പേരൂര്‍ക്കട സ്വദേശി കുളത്തിലോ നദിയിലോ കുളിച്ചിട്ടില്ലെന്നാണ് അറിയുന്നത്. എങ്കില്‍ ഈ രോഗം എങ്ങിനെയൊക്കെ വരാമെന്നതു കൂടി പഠന വിധേയമാക്കണം. ഈ രോഗത്തിന്റെ കാരണങ്ങള്‍ കാണ്ടെത്തി രോഗത്തിനെതിരെ എല്ലാ ജില്ലകളിലും അടിയന്തര ബോധവല്‍ക്കരണം നടത്താനും അടിയന്തിര നടപടിയെടുക്കണം.

വ്യവസ്ഥാപിതമായ ചികിത്സ ലഭ്യമല്ലാത്ത അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിന്റെ ചികിത്സയ്ക്ക് വന്‍ തുക ചിലവഴികേണ്ടിവരുന്നുണ്ട്.
അതുകൊണ്ടു തന്നെ ഈ രോഗം പിടിപെടുന്നവര്‍ക്ക് ചികിത്സാ ചെലവ് താങ്ങാവുന്നതിനും അപ്പുറമാണ്. ഇത് കുടുംബങ്ങളെ തന്നെ പ്രതിസന്ധിയിലാക്കുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അടക്കം ഇതിനുള്ള മരുന്നുകള്‍ ലഭ്യമല്ലാത്തതു കാരണം ചികിത്സയില്‍ കഴിയുന്നവരുടെ കുടുംബങ്ങളോട് മരുന്നുകള്‍ പുറത്തു നിന്നും വാങ്ങാനാണ് നിര്‍ദ്ദേശച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് രോഗികളുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് അടിയന്തരമായി ലഭ്യമാക്കുകയും ചെലവ് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും ഏറ്റെടുക്കാന്‍ തയാറാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു.