ആലപ്പുഴ: എയര്‍ഗണ്ണുമായി സ്‌കൂളിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥി സഹപാഠിയെ മര്‍ദിച്ചെന്ന് പരാതി. ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് വിദ്യാര്‍ഥി തിങ്കളാഴ്ച തോക്കുമായെത്തി സുഹൃത്തിനെ മര്‍ദിച്ചത്. നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എയര്‍ഗണ്ണിനൊപ്പം കത്തിയുമാണ് വിദ്യാര്‍ഥി സ്‌കൂളിലെത്തിയതെന്ന് അധ്യാപകര്‍ പൊലീസിനോട് പറഞ്ഞു. ആയുധം പ്രയോഗിച്ചിട്ടില്ല. മര്‍ദനമേറ്റ വിദ്യാര്‍ഥി സ്‌കൂളില്‍ പരാതി നല്‍കി. സ്‌കൂള്‍ അധികൃതര്‍ പരാതി പൊലീസിനു കൈമാറുകയായിരുന്നു. വിദ്യാര്‍ഥിയുടെ വീട്ടില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ ഉപയോഗശൂന്യമായ തോക്ക് കണ്ടെത്തി. സംഭവത്തില്‍ പൊലീസ് ജുവനൈല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.