തിരുവനന്തപുരം: മോഷണക്കേസ് സ്വന്തമായി വാദിക്കുന്ന സ്ഥിരം മോഷ്ടാവായ പ്രതി വക്കീല്‍ സജീവിന് പൂജപ്പുര മോഷണക്കേസില്‍ പ്രൊഡക്ഷന്‍ വാറണ്ട് അയക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എല്‍സാ കാതറിന്‍ ജോര്‍ജിന്റേതാണ് ഉത്തരവ്.

തിങ്കളാഴ്ച പൂജപ്പുര ജയില്‍ സൂപ്രണ്ട് പ്രതിയെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. പ്രതിയെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് തൊണ്ടിമുതലുകള്‍ വീണ്ടെടുക്കാന്‍ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടുള്ള സിറ്റി പൂജപ്പുര പോലിസിന്റെ കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്.

സ്ഥിരം മോഷ്ടാവും സ്വന്തം മോഷണക്കേസുകള്‍ സ്വയം വാദിക്കുകയും ചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവ് വക്കീല്‍ സജീവ് എന്നറിയപ്പെടുന്ന പാലക്കാട് ഒറ്റപ്പാലം തോട്ടക്കര ശ്രീകൃഷ്ണ വിലാസത്തില്‍ സജീവനെ (68) പൂജപ്പുര പൊലീസ് ആഗസ്റ്റ് 7നാണ് അറസ്റ്റ് ചെയ്തത്.

ജൂലൈ 19 ന് പകല്‍ മേലാറന്നൂരിലുള്ള സെക്രട്ടേറിയറ്റ് ജീവനക്കാരി ജിഷയുടെ ക്വാര്‍ട്ടേഴ്‌സ് കുത്തിപ്പൊളിച്ച് 8.5 പവന്‍ കവര്‍ന്ന കേസിലാണ് ഇയാളെ പിടികൂടിയത്. സി.സി.ടി.വി ക്യാമറ ദൃശ്യമാണ് സജീവനെ കുടുക്കിയത്. 35 വര്‍ഷമായി മോഷണം നടത്തുന്ന ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ് . വക്കീല്‍ ക്‌ളര്‍ക്കായിരുന്ന സജീവ് തുടക്കത്തില്‍ വക്കീല്‍ ഓഫീസുകളാണ് ലക്ഷ്യമിട്ടിരുന്നത്.

ജോലി ദിവസങ്ങളില്‍ ഫ്‌ളാറ്റുകളും ക്വാര്‍ട്ടേഴ്‌സുകളും കേന്ദ്രീകരിയ്ക്കുകയും അവധി ദിവസങ്ങളില്‍ ഓഫീസുകള്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ മോഷണ രീതി. തിരുവനന്തപുരത്തും കൊച്ചിയിലുമായി 12 ഓളം മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഒരു മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന ഇയാള്‍ കഴിഞ്ഞ ജൂലൈ 5 നാണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കകമാണ് പുതിയ മോഷണക്കേസില്‍ അറസ്റ്റിലാകുന്നത്.

കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്വാര്‍ട്ടേഴ്‌സില്‍ നിന്നും 18 പവന്‍ മോഷ്ടിച്ചകേസില്‍ 2018 ല്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. തിരുവനന്തപുരത്ത് വിവിധ ഓഫീസുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും കോട്ടയം മെഡിക്കല്‍ കോളേജ്, കര്‍ണാടകയിലെ മണിപ്പാല്‍ മെഡിക്കല്‍ കോളേജ് ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളിലും മോഷണം നടത്തിയതിന് ഇയാള്‍ക്കെതിരെ കേസുകളുണ്ട്