തിരുവനന്തപുരം: ചാക്ക എയര്‍പോര്‍ട്ട് റണ്‍വേ മതിലിന് എതിര്‍ വശത്തു നിന്നും രണ്ടു വയസ്സുകാരിയെ തട്ടികൊണ്ടു പോയ പേട്ട കുട്ടിക്കടത്ത് കേസില്‍ പ്രതി ഹസ്സന്‍കുട്ടിക്ക് ജാമ്യം നിഷേധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ കോടതിയില്‍ നടക്കുന്ന വിചാരണ അന്തിമ ഘട്ടത്തിലെത്തി. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് പ്രതിയെ കല്‍തുറുങ്കിലിട്ട് വിചാരണ ചെയ്യുന്നത്. 23 സാക്ഷികളെ ഇതിനോടകം വിസ്തരിച്ചു. 19 രേഖകള്‍ കോടതി തെളിവില്‍ സ്വീകരിച്ചു. സാക്ഷി വിസ്താരം നാളെയും തുടരും. ആഗസ്റ്റ് 1 മുതല്‍ 12 വരെയായി 56 സാക്ഷികളെ വിസ്തരിക്കാനാണ് വിചാരണ തീയതി കോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.

തട്ടുകട ജോലിക്കാരനായ ഏക പ്രതി അബ്ദുള്‍ റഹ്‌മാന്‍ മകന്‍ അബു എന്നും കബീര്‍ എന്നും വിളിപ്പേരുള്ള ഹസ്സന്‍കുട്ടി (47) യുടെ ജാമ്യ ഹര്‍ജി കോടതി തള്ളി. മറ്റൊരു പോക്‌സോ കേസില്‍ 2024 ജനുവരി 12 ന് പുറത്തിറങ്ങിയ ശേഷമാണ് ഹസ്സന്‍കുട്ടി സമാന സ്വഭാവമുള്ള കുറ്റം ആവര്‍ത്തിച്ചിരിക്കുന്നതായി ആരോപണമുള്ളത്. അപകടകാരിയായ പ്രതിയെ കല്‍ തുറുങ്കിലിട്ട് വിചാരണ ചെയ്യാന്‍ ജഡ്ജി എം.പി. ഷിബു ഉത്തരവിട്ടു. 2024 മാര്‍ച്ച് 3 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതിക്കാണ് കോടതി ജാമ്യം നിരസിച്ചത്.

ജൂണ്‍ 18 ന് പേട്ട പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 1860 ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 363 ( ആള്‍ മോഷണം) , 354 ( സ്ത്രീത്വത്തെ അപമാനിക്കണെമെന്ന ഉദ്ദേശ്യത്തോടെയുള്ളെ കൈയ്യേറ്റവും ബല പ്രയോഗവും ), 354 എ ( 1 ) (ഐ) (ലൈംഗിക സമീപനം ഉള്‍പ്പെടുന്ന ശാരീരിക സ്പര്‍ശവും മുന്നേറ്റങ്ങളും) , 307 ( വധ ശ്രമം) എന്നീ വകുപ്പുകളും 2012 ലെ പോക്‌സോ നിയമത്തിലെയും ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ) (ബാലനീതി) നിയമത്തിലെ 84 (കുട്ടിയെ തട്ടിക്കൊണ്ടു പോയി ഉപേക്ഷിച്ച് അരക്ഷിതാവസ്ഥയിലാക്കല്‍) എന്നീ വകുപ്പുകളും ചുമത്തിയാണ് പ്രതിയെ വിചാരണ ചെയ്യുന്നത്.

2024 ഫെബ്രുവരി 18 അര്‍ദ്ധരാത്രിയിലാണ് സംഭവം നടന്നത്. ചാക്കയില്‍ നിന്നും ശംഖുമുഖം - വേളി പോകുന്ന റോഡില്‍ ചാക്ക എയര്‍പോര്‍ട്ട് റണ്‍വേ മതിലിന് എതിര്‍വശവും ഓള്‍ സെയിന്റസ് കോളേജിന് പുറകു വശത്തുമായുള്ള തുറസ്സായ സ്ഥലത്ത് ടാര്‍പോളിന്‍ കെട്ടി താമസിക്കുന്ന നാടോടികളായ ബീഹാറി ദമ്പതികളുടെ 4 മക്കളില്‍ ഒരു കുട്ടിയായ രണ്ടു വയസ്സുകാരിയെയാണ് തട്ടിക്കൊണ്ടു പോയത്. ദമ്പതികള്‍ തേന്‍ സംഭരിച്ച് വില്‍ക്കല്‍ , വടക്കേ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കല്‍ , വഴിയോര കച്ചവടം എന്നീ തൊഴിലുകളിലേര്‍പ്പെട്ട് ഉപജീവനം നടത്തുന്നവരാണ്.

18 ന് അര്‍ദ്ധ രാത്രി തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ 20 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ കൊച്ചുവേളി റെയിവേ സ്റ്റേഷന്‍ ബ്രഹ് മോസിന് സമീപമുള്ള പൊന്തക്കാട്ടിലെ ഓടയില്‍ നിന്നാണ് കണ്ടെത്തിയത്. പ്രതി കുട്ടിയെ റെയില്‍പ്പാളത്തിനരികിലെ കുറ്റിക്കാട്ടിലൂടെയും പാലത്തിനടിയിലൂടെയും മറ്റും കൊണ്ടു നടന്നും അവിടങ്ങളില്‍ കുട്ടിയുമൊത്ത് പതുങ്ങിയിരുന്നും ലൈംഗികാതിക്രമം ചെയ്യുകയും ലൈംഗികാതിക്രമം നടത്തവേ കുട്ടി കരഞ്ഞപ്പോള്‍ പ്രതി വായ പൊത്തിപ്പിടിക്കവേ കുഞ്ഞ് ഉറങ്ങി ബോധരഹിതയായി. തുടര്‍ന്ന് പിടിക്കപ്പെടുമെന്നായപ്പോള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് പ്രതി കൃത്യ സ്ഥലത്തു നിന്നും ഒളിവില്‍ പോയി. മാര്‍ച്ച് 4 ന് കൊല്ലത്തു നിന്നും പോലീസ് പിടിയിലായെന്നാണ് കേസ്.

കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് രേഖയില്ലാത്തതിനാല്‍ ബീഹാറികളായ മാതാപിതാക്കളുടെ ഡിഎന്‍എ പരിശോധനയില്‍ ഇരുവരും കുഞ്ഞിന്റെ ബയോളജിക്കല്‍ മാതാപിതാക്കളാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ പിടിയിലായ പ്രതി ഹസ്സന്‍കുട്ടി അപകടകാരിയായ കുറ്റവാളിയെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. ലക്ഷ്യബോധമില്ലാതെ കറങ്ങി നടന്ന് കുറ്റകൃത്യം ചെയ്യുന്ന അപകടകാരിയായ കുറ്റവാളിയാണ് ഹസ്സന്‍കുട്ടി. മോഷണക്കേസുള്‍പ്പെടെ നിരവധിക്കേസില്‍ പ്രതിയായ ഹസ്സന്‍കുട്ടി തട്ടുകടയില്‍ ജോലി ചെയ്ത് റോഡരുകിലും ബീച്ചിലുമാണ് കിടന്നുറങ്ങുന്നത്.

താന്‍ ഗുജറാത്തിലാണ് ജനിച്ചതെന്നും കുട്ടിയായിരുന്നപ്പോള്‍ ദത്തെടുത്ത് നാവായികുളത്ത് എത്തിയതാണെന്നുമാണ് പ്രതിയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നത്. കുട്ടിയെ ഉപേക്ഷിച്ച ശേഷം തമ്പാനൂരില്‍ നിന്നും ആലുവയിലും അവിടെനിന്നും പളനിയില്‍ പോയി തലമൊട്ടയിച്ചുവെന്നും ഇയാള്‍ പറയുന്നതായ കുറ്റസമ്മത
മൊഴി പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കുട്ടിയെ തട്ടികൊണ്ടുപോയ ദിവസം ധരിച്ചിരുന്ന അതേ വസ്ത്രങ്ങളാണ് പിടികൂടിയപ്പോഴും ധരിച്ചിരുന്നത്.

അന്വേഷണ സംഘത്തിന് പിടിവള്ളിയായത് സിസിടിവി ദൃശ്യങ്ങള്‍ ആണ്. കുട്ടിയെ ഉപേക്ഷിച്ചതിന് ശേഷം മുഖം മൂടി റെയില്‍വേ ട്രാക്കുവഴി പോകുന്ന ഒരാളുടെ ദൃശ്യങ്ങള്‍ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് ഹസ്സന്‍കുട്ടിയെന്ന കബീറിലേക്ക് അന്വേഷണം എത്തിയത്. ഹസ്സന്റെ സിം കാര്‍ഡ് പരിശോധിച്ചപ്പോഴും സംഭവം നടന്ന ദിവസം രാത്രിയില്‍ ഇയാള്‍ ചാക്കയില്‍ എത്തിയെന്ന് വ്യക്തമായി. രണ്ടുവയസ്സുകാരിയെ കണ്ടെത്തിയെങ്കിലും ആരാണ് കുട്ടിയെ തട്ടികൊണ്ടുപോയതെന്നത് കണ്ടെത്താനാകാതെ ആദ്യഘട്ടത്തില്‍ പൊലിസ് ഇരുട്ടില്‍ തപ്പുകയായിരുന്നു.

നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു. ഫെബ്രുവരി 18-ാം തീയതി രാത്രി 11ന് ശേഷം ഒരാള്‍ റെയില്‍വേ ട്രാക്കിലൂടെ ആനയറ ഭാഗത്ത് തലയില്‍ മുണ്ടിട്ടു നടന്നു പോകുന്ന ദൃശ്യങ്ങള്‍ കണ്ട് പൊലിസിന് സംശയം തോന്നി. പിന്നീട് ആ വഴി ദൃശ്യങ്ങള്‍ പരിശോധിച്ചു. ആനയറിയിലെത്തി ആള്‍ തലയിലെ തുണി മാറ്റി. പിന്നീട് വെണ്‍പാലവട്ടത്ത് എത്തി.

ഒരു തട്ടുകടയ്ക്ക് സമീപം കിടന്നുറങ്ങി. രാവിലെ കെഎസ്ആര്‍ടിസി ബസ്സു കയറി തമ്പാനൂരിലെത്തി. തമ്പാനൂരില്‍ നിന്നും മുഖം വ്യക്തമാകുന്ന പകല്‍ ദൃശ്യങ്ങള്‍ കിട്ടി. ജയില്‍ അധികൃതകരാണ് പോക്‌സോ കേസില്‍ ജനുവരി 12ന് പുറത്തിറങ്ങിയ ഹസ്സന്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് പൊലിസ് കുട്ടിയെ കാണാതാകുന്ന ദിവസത്തെ ചാക്ക എയര്‍പോര്‍ട്ട് റോഡിലെ ദൃശ്യങ്ങള്‍ വിശദമായ പരിശോധിച്ചത്.

പേട്ടയില്‍ ട്രെയിന്‍ ഇറങ്ങിയ ഹസ്സന്‍കുട്ടി നടന്നു പോകുന്നതും ഇടയ്ക്ക് ഒരു ബൈക്കിന് പിന്നില്‍ കയറി ചാക്കയിലിറങ്ങുന്ന ദൃശ്യങ്ങളും ലഭിച്ചു. ഇയാള്‍ കയറിയ ബൈക്കുകാരനെ കണ്ടെത്തി പൊലിസ് വിവരങ്ങള്‍ ചോദിച്ചു. ബ്രഹ്‌മോസില്‍ ദൃശ്യങ്ങള്‍ നിര്‍ണായകമായി. ബ്രഹ്‌മോസിലെ ദൃശ്യങ്ങളില്‍ ഹസ്സന്‍കുട്ടിയുണ്ട്. പക്ഷെ തൊട്ടടുത്ത ആള്‍ സെയിന്റ്‌സ് കോളജിലെ സിസിടിവില്‍ ഇയാളില്ല. ഇതോടെ സമീപത്തെ വിജനമായ സ്ഥലത്തേക്ക് ഇയാള്‍ തിരിഞ്ഞുവെന്ന് വ്യക്തമാകുകയായിരുന്നു.