തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളില്‍ ഫാന്‍സ് ഫൈറ്റേഴ്‌സിന്റെ ഏറ്റുമുട്ടല്‍. അസഭ്യവര്‍ഷവും, അശ്ലീല കമന്റുകളും വ്യക്തിഗത ആക്ഷേപവും അതിരുവിട്ടതോടെ രണ്ടുപേര്‍ പിടിയില്‍. നീണ്ടൂര്‍ സ്വദേശി ഹരിശങ്കര്‍ (27) വെളിയന്നൂര്‍ സ്വദേശി ജോജിന്‍ ജോണി (23) എന്നിവരാണ് ആലുവ സൈബര്‍ പോലീസ് സ്റ്റേഷന്‍ ടീമിന്റെ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ കല്ലൂര്‍ക്കാട് സ്വദേശിക്കെതിരെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും പോസ്റ്റുകള്‍ ഇടുകയും, അക്കൗണ്ടില്‍ അശ്ലീല കമന്റുകള്‍ ഇടുകയും ചെയ്തതിനാണ് അറസ്റ്റ്.

പരാതിക്കാരനും പ്രതികളും ഒരേ തമിഴ് സൂപ്പര്‍സ്റ്റാര്‍ ഫാന്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ ആയിരുന്നു. പിന്നീട് തെറ്റി പിരിയുകയാണ് ചെയ്തത്. ഇപ്പോള്‍ വ്യത്യസ്ത സൂപ്പര്‍സ്റ്റാറുകളുടെ ഫാന്‍ ഗ്രൂപ്പുകളിലെ അംഗങ്ങളാണ്. തുടര്‍ന്നാണ് ഫൈറ്റ് ആരംഭിച്ചത്. അറപ്പുളവാക്കുന്ന കമന്റുകളാണ് പിടിയിലായവര്‍ പോസ്റ്റ് ചെയ്തിരുന്നത്. വ്യത്യസ്ത അക്കൗണ്ടുകള്‍ വഴിയായിരുന്നു പ്രതികളുടെ 'ആക്രമണം'. 2021 കലൂര്‍ക്കാട് പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ പരാതി ലഭിച്ചിരുന്നു. അത് പരിഹരിക്കുകയും ചെയ്തതാണ്.

പ്രതിയായ ഹരിശങ്കറിന് സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിന്റെ പുറമേ മൂന്ന് ഫേക്ക് അക്കൗണ്ട് ഉണ്ട്. രണ്ട് ഫാന്‍ ഫൈറ്റിംഗ് ഗ്രൂപ്പിലും അംഗമാണ്. ഫേക്ക് അക്കൗണ്ടുകള്‍ വഴിയാണ് അശ്ലീല പോസ്റ്റുകളും കമന്റുകള്‍ ഇടുന്നത്. ജോജിന്‍ ജോണിക്കും ഫേക്ക് അക്കൗണ്ടുണ്ട്. ഫാന്‍ ഫൈറ്റ് ഗ്രൂപ്പിലും അംഗമാണ്. ഇന്‍സ്‌പെക്ടര്‍ ആര്‍. റോജ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ സി.ആര്‍ ഹരിദാസ്, എം.അജേഷ്, എ.എസ്.ഐ ആര്‍.ഡെല്‍ജിത്ത് തുടങ്ങിയവര്‍ക്കാണ് അന്വേഷണച്ചുമതല.