വയനാട്: ഉരുള്‍പൊട്ടലില്‍ കനത്ത നാശം നേരിട്ട വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയുമായി നടന്‍ ധനുഷ്. 25 ലക്ഷം രൂപയാണ് നടന്‍ സംഭാവന ചെയ്തത്. നടനും സംവിധായകനുമായ സുബ്രഹ്‌മണ്യം ശിവയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

നിരവധി സിനിമാപ്രവര്‍ത്തകരാണ് വയനാടിന് കൈത്താങ്ങായി എത്തുന്നത്. തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. ചിരഞ്ജീവിയും രാംചരണും ചേര്‍ന്ന് ഒരുകോടി രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ചേംബറില്‍ നേരിട്ടെത്തി ചിരഞ്ജീവിതന്നെയാണ് പണം കൈമാറിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ, ഫഹദ് ഫാസില്‍, നസ്രിയ, പേളി മാണി തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു.