കണ്ണൂർ: കണ്ണൂർ സർവ്വകലാശാല ചാൻസലർക്കെതിരെ ഇടത് സംഘടനകളുടെ നേതൃത്വത്തിൽ രാഷ്ട്രീയ പ്രതിഷേധ പരിപാടി നടത്താൻ യൂണിവേഴ്സിറ്റി ഓഡിറ്റോറിയം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ഗവർണ്ണർക്ക് കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസിന്റെ പരാതി. സിൻഡിക്കേറ്റ് അംഗങ്ങളുടേയും സർവ്വകലാശാല സ്റ്റാറ്റിയൂട്ടറി ഓഫീസർമാരുൾപ്പടെയുള്ളവരുടെയും നേതൃത്വത്തിൽ സിപിഐ.എം ജില്ലാ സെക്രട്ടറിയെ പങ്കെടുപ്പിച്ച് സർവ്വകലാശാല ചാൻസലർ കൂടിയായ ഗവർണ്ണർക്കെതിരെ നടത്തിയ പ്രതിഷേധ പരിപാടിക്ക് സർവ്വകലാശാല ഓഡിറ്റോറിയം അനുവദിച്ച് നൽകിയ വൈസ് ചാൻസലർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കെ.എസ്.യു പരാതി നൽകിയത്.

പരിപാടിയിൽ ഗവർണർക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജനും മറ്റു പ്രാസംഗികരും നടത്തിയത്. ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്ന ഗവർണർ മാപ്പുപറയുക, ചാൻസലർ അക്കാദമിക് മര്യാദകൾ ലംഘിക്കാതിരിക്കുകയെന്ന മുദ്രാവാക്യങ്ങളുയർത്തി കണ്ണൂർ സർവകലാശാല സംരക്ഷണ സമിതി താവക്കര ആസ്ഥാനത്തെ ചെറുശേരി ഓഡിറ്റോറിയത്തിൽ സർവകലാശാല സംരക്ഷണ കൂട്ടായ്മ പ്രതിഷേധ യോഗം നടത്തിയത്.

കേരളത്തിലെ സർവകലാശാലകളുടെ അന്തകനായി ഗവർണർ മാറിയെന്ന് സി. പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടന പ്രസംഗത്തിൽ ആരോപിച്ചു. കണ്ണൂർ സർവകലാശാല വിസിയെയും ചരിത്രകാരൻ ഇർഫാൻ ഹബീബിനെയും ക്രിമിനലെന്നും ഗുണ്ടയെന്നും വിളിച്ച ഗവർണർക്ക് മനോരോഗമുണ്ടെന്നു സംശയിക്കുന്നതായി ജയരാജൻ പറഞ്ഞു. മീഡിയാമാനിയക്കാണ് ഗവർണർ. സംസ്ഥാനത്തിന്റെ ചരിത്രത്തിലിതുവരെ ഇങ്ങനെ മാധ്യമങ്ങൾക്കു മുൻപിൽ വരുന്ന ഒരു ഗവർണറുണ്ടായിട്ടില്ലെന്നായിരുന്നു എം.വി ജയരാജന്റെ വിമർശനം.