കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ മുറിച്ചിട്ട പ്ലാവ് മരത്തടികൾ അപ്രത്യക്ഷമായതായി പരാതി. കാലവർഷം തുടങ്ങിയപ്പോൾ കെട്ടിടങ്ങൾ അപകട ഭീഷണിയായതിനെ തുടർന്ന് മുറിച്ചു മാറ്റി സൂക്ഷിച്ച പതിനായിരങ്ങളുടെ വിലവരുന്ന മരത്തടികളാണ് കഴിഞ്ഞ ദിവസം അപ്രത്യക്ഷമായത്.

ഭരണകക്ഷി വിഭാഗത്തിലെ തൊഴിലാളി യൂണിയനിൽപ്പെട്ട ഒരു യുവാവാണ് വാഹനത്തിൽ കയറ്റിക്കൊണ്ടു പോയതെന്നാണ് ആരോപണം. ആശുപത്രിയിലെ അല്ലറചില്ലറ പണികൾ നടത്തുന്ന ഇയാൾക്ക് ആശുപത്രിയുമായി ബന്ധമുള്ള ഒരു സഹകരണ സ്ഥാപനത്തിൽ ജോലിയുണ്ട്. ആ ബന്ധത്തിന്റെ മറവിൽ ആശുപത്രിയിലുള്ള ചിലരെ കൂട്ടുപിടിച്ചാണ് മരം കടത്തിയതെന്ന ആരോപണം മറ്റു ജീവനക്കാരിൽ നിന്നും ഉയർന്നിട്ടുണ്ട്.

ആശുപത്രിയിലെ പഴയ കെട്ടിടം പൊളിച്ച സാധനങ്ങൾ ലേലത്തിന് വെച്ചപ്പോൾ ഇയാൾ ചുളുവിലയ്ക്ക് മരങ്ങൾ സ്വന്തമാക്കാൻ ശ്രമിച്ചത് വിവാദമായതോടെ പുനർലേലം നടത്തി അരലക്ഷത്തിലേറെ രൂപയ്ക്കാണ് അധികൃതർ മറ്റൊരാൾക്ക് മരങ്ങൾ ലേലത്തിൽ കൊടുത്തത്. ഇപ്പോൾ പ്ളാവിൻ തടികൾ കടത്തിക്കൊണ്ടു പോയെന്ന പരാതി ആരോഗ്യവകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇതിനെ കുറിച്ചു അന്വേഷണം തുടങ്ങിയെന്നാണ് സൂചന.