കണ്ണൂർ: കോൺഗ്രസ് ഭരിക്കുന്ന പള്ളിക്കുന്ന് സഹ.ബാങ്കിനും സഹകരണ ഉദ്യോഗസ്ഥർക്കുമെതിരെ യൂത്ത് കോൺഗ്രസിന്റെ പേരിൽ കണ്ണൂർ നഗരത്തിൽ വ്യാപക പോസ്റ്റർ പ്രചാരണം. കോൺഗ്രസ് നേതാവും കണ്ണൂർ കോർപറേഷൻ കൗൺസിലറുമായ പി.കെ രാഗേഷ് ചുക്കാൻ പിടിക്കുന്ന ബാങ്കാണിത്.

നേരത്തെ കോൺഗ്രസിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായും പി.കെ രാഗേഷ് നേതൃത്വം നൽകിയിരുന്ന ഭരണസമിതിക്ക് അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഹൈക്കോടതി, ലേബർ കോടതി എന്നിവയുടെ ഉത്തരവ് നടപ്പാക്കാത്ത പള്ളിക്കുന്ന് ബാങ്ക് ഭരണസമിതിയും സഹകരണ വകുപ്പ് ജീവനക്കാരും തമ്മിലുള്ള ഒത്തുകളിഅവസാനിപ്പിക്കുക, ജോ. രജിസ്റ്റാർ, അസി.രജിസ്റ്റാർ എന്നിവരുടെ ഉത്തരവുകൾ നടപ്പിലാക്കാൻ പോലും കഴിയാത്ത സഹകരണ ഉദ്യോഗസ്ഥർ രാജിവെച്ചു പുറത്തുപോവുക, ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും ഒത്താശ ചെയ്യുന്ന സഹകരണ ഉദ്യോഗസ്ഥന്മാർ കള്ളന് കഞ്ഞിവയ്ക്കുന്നവർ, പള്ളിക്കുന്ന് ബാങ്ക് ഭരണസമിതിയുടെ തെമ്മാടിത്തരത്തിന് കൂട്ടിനിൽക്കുന്ന ഉദ്യോഗസ്ഥന്മാർ സഹകരണ വകുപ്പിന് അപമാനം എന്നിങ്ങനെയാണ് പോസ്റ്ററിൽ എഴുതിവെച്ചിരിക്കുന്നത്.

ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട ജീവനക്കാരനായ കെ. രൂപേഷിനെ തിരിച്ചെടുക്കണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് നഗരത്തിൽ വ്യാപകമായി പോസ്റ്റർ പതിച്ചിട്ടുള്ളത്. കോൺഗ്രസിന്റെ ഗ്രൂപ്പുപോരിന്റെ ഭാഗമായാണ് പോസ്റ്റർ പ്രചരണമെന്നാണ് സംശയിക്കപ്പെടുന്നത്.