- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന് വീമ്പു പറച്ചിൽ മാത്രം; ഇടതു ഭരണത്തിൽ വ്യവസായികൾക്ക് നാടുവിട്ടോടേണ്ട സ്ഥിതി എന്ന് അഡ്വ.മാർട്ടിൻ ജോർജ്ജ്
കണ്ണൂർ: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന് വീമ്പു പറയുന്ന ഇടതു ഭരണത്തിൽ വ്യവസായികൾക്ക് നിൽക്കക്കള്ളിയില്ലാതെ ആത്മഹത്യ ചെയ്യുകയോ, നാടുവിടുകയോ ചെയ്യേണ്ട സാഹചര്യമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് പറഞ്ഞു. സിപിഎം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ സംരംഭകരെ വേട്ടയാടുന്നതിന്റെ മറ്റൊരു തെളിവാണ് തലശേരിയിൽ ഒരു വ്യവസായിക്കും ഭാര്യയ്ക്കും നാടുവിട്ടു പോകേണ്ട അവസ്ഥയുണ്ടാക്കിയത്.
ആന്തൂർ നഗരസഭാ അധികാരികളുടെ നിരന്തര പീഡനം സഹിക്കവയ്യാതെ സാജനെന്ന പ്രവാസി സംരംഭകന് ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയുണ്ടായി. കേരളമാകെ സാജനുണ്ടായ ദുരന്തം ചർച്ച ചെയ്തിട്ടും ഞങ്ങൾ നിലപാട് തിരുത്തില്ലെന്ന മട്ടിലുള്ള സിപിഎം ധാർഷ്ട്യത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇപ്പോൾ തലശേരിയിലുണ്ടായിരിക്കുന്നതെന്നും മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി.
ഫർണിച്ചർ നിർമ്മാണ യൂണിറ്റ് ഉടമ രാജ് കബീറിനും ഭാര്യ ദിവ്യയ്ക്കും നാടുവിടേണ്ടി വന്നത് തലശേരി നഗരസഭയുടെ ഭാഗത്തു നിന്നുണ്ടായ നിരന്തര പീഡനമാണെന്ന് വ്യക്തമായിട്ടുണ്ട്. സ്ഥാപനം പൂട്ടിയിടേണ്ടി വന്നതോടെ ഇവിടത്തെ തൊഴിലാളികളും കുടുംബവും ഒപ്പം ഉടമയായ താനും വരുമാന മാർഗ്ഗം നിലച്ച് കഷ്ടപ്പെടുകയാണെന്ന രാജ്കബീറിന്റേതായ വാട്സ് ആപ്പ് സന്ദേശവും പുറത്തു വന്നിരുന്നു.
പല പ്രാവശ്യം നഗരസഭ ചെയർമാനേയും വൈസ് ചെയർമാനേയും കണ്ട് പ്രശ്നം പരിഹരിക്കണമെന്ന് അപേക്ഷിച്ചെങ്കിലും നീതി ലഭിച്ചില്ലെന്നാണ് ഇവർ പറയുന്നത്. സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നിഷേധാത്മക നിലപാടുണ്ടായി. സ്ഥലം കൈയേറിയതിന് ചുമത്തിയ ഭാരിച്ച പിഴ തവണകളായി അടയ്ക്കാൻ ഹൈക്കോടതി അനുമതി നൽകിയിട്ടും നഗരസഭ കനിഞ്ഞില്ല. ആദ്യ തവണ അടയ്ക്കാൻ പോയപ്പോൾ രാജ് കബീറിനെ അതു സ്വീകരിക്കാതെ നഗരസഭാ ഉദ്യോഗസ്ഥന്മാർ അപമാനിച്ചു വിടുകയാണ് ചെയ്തത്.
കോടതിക്കും മന്ത്രിക്കുമൊക്കെ മുകളിലാണ് ഞങ്ങളെന്ന ധാർഷ്ട്യത്തോടെ സിപിഎം ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. അധികാരവികേന്ദ്രീകരണത്തിന്റെ അന്ത:സത്തയെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇക്കൂട്ടരുടെ പ്രവർത്തനം. സ്ഥാപനം തുറന്നു പ്രവർത്തിപ്പിക്കാൻ വേണ്ടതു ചെയ്യുമെന്ന് ഇപ്പോൾ പറയുന്ന വ്യവസായ മന്ത്രി രാജ്കബീറിനും ഭാര്യയ്ക്കുമുണ്ടായ ദുരനുഭവത്തിൽ തലശേരി നഗരസഭയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരവീഴ്ചയെ സംബന്ധിച്ച് കമാന്നൊരക്ഷരം പറയാൻ എന്തു കൊണ്ട് തയ്യാറാകുന്നില്ല?
ചെറുകിട സംരംഭകരെ തളർത്തുകയും വൻകിടക്കാരെ മാത്രം താലോലിക്കുകയും ചെയ്യുന്ന സിപിഎം നേതാക്കളുടെ നിലപാടാണ് തലശേരി സംഭവം തെളിയിക്കുന്നത്. സാജന്റേയും രാജ്കബീറിന്റേയും അനുഭവം വെച്ച് ഈ നാട്ടിൽ സംരംഭങ്ങൾ തുടങ്ങാൻ ആരാണ് ധൈര്യപ്പെടുക. സിപിഎം നേതൃത്വമാണ് ഇതിന് സമാധാനം പറയേണ്ടത്. സാജൻ ആത്മഹത്യ ചെയ്തപ്പോൾ അത് ഉദ്യോഗസ്ഥപീഡനം മൂലമല്ലെന്നു വരുത്താൻ കള്ളക്കഥകളുണ്ടാക്കി പ്രചരിപ്പിച്ചവരാണ് സിപിഎമ്മുകാർ.
രാജ്കബീറിനേയും ഭാര്യയേയും ജീവനോടെ കണ്ടെത്താനായെങ്കിലും തുടർന്നങ്ങോട്ട് അവരുടെ സ്ഥാപനത്തോട് തലശേരി നഗരസഭാ അധികാരികളുടെ സമീപനം എന്തിയിരിക്കുമെന്നതിൽ ആശങ്കയുണ്ട്. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് നാട്ടിലും മറുനാട്ടിലും പോയി കേരളത്തെ കുറിച്ച് പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം ജില്ലയിൽ സംരംഭകരനുഭവിക്കുന്ന ഇത്തരം ദുരിതങ്ങളെ ആദ്യം മനസിലാക്കണം. സംരംഭകരെ തളർത്തുന്ന പാർട്ടി നേതാക്കളെ തിരുത്തിയ ശേഷം മതി കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള കവല പ്രസംഗങ്ങളെന്ന് മാർട്ടിൻ ജോർജ്ജ് പറഞ്ഞു.




