- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിക്കൂർ മണ്ഡലത്തെ ടൂറിസം ഹബ്ബായി മാറ്റും; ഇന്റർനാഷണൽ മൗണ്ടൻ ഫെസ്റ്റ് നടത്താൻ ഒരുക്കങ്ങൾ തുടങ്ങിയെന്ന് അഡ്വ.സജീവ് ജോസഫ് എം എൽ എ
കണ്ണൂർ: വടക്കെ മലബാറിലെ ടൂറിസം ഹബ്ബായി ഇരിക്കൂറിനെ മാറ്റാൻ ഇരിക്കൂർ ഇന്റർനാഷണൽ മൗണ്ടൻഫെസ്റ്റ് നടത്താൻ ഒരുക്കങ്ങൾ തുടങ്ങി. ആധുനികരീതിയിൽ സജ്ജീകരിക്കുന്ന പ്രത്യേക പ്രദർശന നഗരിയിൽ ഡിസംബർ ആദ്യവാരം മുതൽ ഒരുമാസത്തോളമാണ് മൗണ്ടൻ ഫെസ്റ്റ് എന്ന പേരിൽ മെഗാ ഇവന്റ് നടക്കുക.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടൂറിസം കമ്പനികളുടെ പ്രതിനിധികൾ പൈതൽ മലയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുമെന്ന് ഇരിക്കൂർ എംഎൽഎ അഡ്വ സജീവ് ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു വർഷം നീളുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഒക്ടോബർ ആദ്യവാരം ഇരിക്കൂറിലെ ടൂറിസം വികസനം ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഇൻവെസ്റ്റേഴ്സ് മീറ്റ് പരിപാടിക്ക് തുടക്കമാകും. പൈതൽമലയിലാണ് നിക്ഷേപക മീറ്റ്. വിദേശത്തുനിന്ന് ഉൾപ്പെടെ നൂറോളം നിക്ഷേപകർ ഇൻവെസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും വ്യവസായ സംഘടനകളുടെ പ്രതിനിധികളും വ്യവസായ പ്രമുഖരും എത്തും.
ഖത്തർ യുഎഇ സിംഗപ്പൂർ മലേഷ്യ ടാൻസാനിയ രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപകർ പങ്കെടുക്കും. ഇതിനുമുന്നോടിയായി തദ്ദേശ തലത്തിൽ അവബോധം സൃഷ്ടിക്കുന്നതിന് ടൂറിസം ക്ലസ്റ്റർ യോഗങ്ങൾ നടക്കും. കാഞ്ഞിരകൊല്ലി പൈതൽമല പാലക്കയംതട്ട് കാപ്പിമല കേന്ദ്രങ്ങളിൽ ആദ്യഘട്ട ക്ലസ്റ്റർ യോഗങ്ങൾ നടക്കും. കാർഷിക മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധി കണക്കിലെടുത്ത് കർഷകർക്ക് ബദൽ വരുമാനമാർഗ്ഗമായി ടൂറിസം മേഖലയെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം കൂടിയുണ്ട്.
അന്താരാഷ്ട്ര ടൂറിസം കാർഷിക എക്സ്പോയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 250ഓളം സ്റ്റാളുകളുണ്ടാവും.കർണാടകയിലെ കൂർഗ്, മൈസൂര്, ബംഗ്ളൂര് എന്നിവടങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരികളെ ഇരിക്കൂറിലേക്ക് ആകർഷിക്കുന്നതിനുള്ള വിവിധ പദ്ധതികളാണ് ഇരിക്കൂറിൽ ഒരുങ്ങുന്നത്. ഇതിനായി അടിസ്ഥാനസൗകര്യങ്ങൾ വിപുലീകരിക്കും. പ്രകൃതിക്ക് കോട്ടം തട്ടാതെയുള്ള വികസന പ്രവർത്തനങ്ങളാണ് നടത്തുക. ഇതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് പാർപ്പിടങ്ങൾ ഒരുക്കുന്നതിന് ഹോംസ്റ്റേ സംവിധാനമാണ് തയ്യാറാക്കുന്നത്. ഇതിനായി വീടുകളിൽ സൗകര്യമൊരുക്കം. ഇതിന്റെ സർവ തുടങ്ങിയിട്ടുണ്ടെന്നും സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. കണ്ണൂർ പ്രസ് ക്ളബിൽ നടന്ന വാർത്താസമ്മേളനത്തിൽ പി.ടി മാത്യു, ടി എൻ എ ഖാദർ എന്നിവരും സംബന്ധിച്ചു.




