- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മട്ടന്നൂരിലെ മഹൽ കമ്മിറ്റി അഴിമതി അന്വേഷിക്കണം; കോടികൾ വെട്ടിച്ച കോൺഗ്രസ്-ലീഗ് നേതാക്കൾക്കെതിരെ പ്രതിഷേധിക്കണമെന്നും എം വി ജയരാജൻ
മട്ടന്നൂർ: മട്ടന്നൂർ മഹൽ ജമാഅത്ത് പള്ളിയുടെ കെട്ടിട നിർമ്മാണത്തിലും ഷോപ്പിങ്ങ് കോംപ്ലക്‌സ് നിർമ്മാണത്തിലും ഷോപ്പുകൾ വാടക നൽകുമ്പോൾ വാങ്ങിയ ഡെപ്പോസിറ്റിലും കോടികൾ വെട്ടിപ്പ് നടത്തിയ ലീഗ്-കോൺഗ്രസ് നേതാക്കൾക്കെതിരെ വിശ്വാസിസമൂഹവും ജനങ്ങളാകെയും പ്രതിഷേധമുയർത്തിക്കൊണ്ടുവരണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
9.78 കോടി രൂപയാണ് പള്ളിയുടെ നിർമ്മാണത്തിന് ചെലവായതെന്നാണ് പള്ളിക്കമ്മിറ്റി രേഖപ്പെടുത്തിയിരിക്കുന്നത്. യഥാർത്ഥ ചെലവ് മൂന്ന് കോടിയാണെന്നാണ് വിശ്വാസികളിൽ പലരും ചൂണ്ടിക്കാണിക്കുന്നത്. ഓഡിറ്റ് റിപ്പോർട്ടിലും വഖഫിന്റെ അന്വേഷണത്തിലും പെരുപ്പിച്ച കണക്കാണെന്ന സൂചന നൽകുന്നുമുണ്ട്. കാലപ്പഴക്കത്താൽ മസ്ജിദിന് ബലക്ഷയം സംഭവിച്ചതിനാൽ മെയിന്റനൻസ് മാത്രമാണ് നടത്തിയതെന്ന വഖഫ് ബോർഡിന്റെ അന്വേഷണ കമ്മിറ്റി മുമ്പാകെ പള്ളികമ്മിറ്റി സെക്രട്ടറി നൽകിയ റിപ്പോർട്ട് വാസ്തവവിരുദ്ധമായിരുന്നു. അത് ഫണ്ട് വെട്ടിപ്പ് മറച്ചുവെക്കാനായിരുന്നു.
മാത്രമല്ല, വഖഫ് ബോർഡിന്റെ അനുമതിയില്ലാതെയും ടെൻഡർ നടപടി സ്വീകരിക്കാതെയുമാണ് നിർമ്മാണം നടത്തിയത്. വഖഫ് ബോർഡിന്റെ അനുമതി തേടിയാൽ വെട്ടിപ്പ് നടത്താൻ കഴിയില്ലെന്ന് തോന്നിയതിനാലാണ് അതിന് തയ്യാറാകാതിരുന്നത്. ഓഡിറ്റ് റിപ്പോർട്ടിൽ നിരവധി ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഈ വെട്ടിപ്പുകൾക്കെല്ലാം നേതൃത്വം കൊടുത്തത് 2011 മുതൽ പള്ളിക്കമ്മിറ്റി ഭാരവാഹികളായ ലീഗ് നേതാവ് അബ്ദുറഹിമാൻ കല്ലായിയും കോൺഗ്രസ് നേതാവ് കുഞ്ഞമ്മദ് മാസ്റ്ററുമാണ്. പള്ളിക്കമ്മിറ്റിയിൽ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ പള്ളിയിലെ ജനറൽബോഡി അംഗം മട്ടന്നൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് വിശ്വാസവഞ്ചനക്കും വ്യാജരേഖ ചമച്ചതിനും കോൺഗ്രസ്-ലീഗ് നേതാക്കളുടെ പേരിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞതുപ്രകാരം, മൂന്നുകോടി അമ്പതിനായിരം രൂപ 36 വിശ്വാസികളിൽ നിന്ന് വായ്പ വാങ്ങിയിട്ടുണ്ടെന്നും ഒരു വർഷത്തിനകം 25 ശതമാനം ലാഭത്തോടെ വായ്പാ തുക തിരിച്ചുനൽകുമെന്നായിരുന്നു പള്ളിക്കമ്മിറ്റി ഭാരവാഹികൾ ഉറപ്പുനൽകിയത്. വർഷം പത്തുകഴിഞ്ഞിട്ടും വായ്പ നൽകിയ തുക അവർക്ക് തിരിച്ചുകിട്ടിയില്ല. റസീറ്റ് നൽകി വായ്പ നൽകിയത് 31 പേരിൽ നിന്നാണെങ്കിലും റസീറ്റ് നൽകാതെ നിരവധി പേരിൽ നിന്നും വായ്പ വാങ്ങിയിട്ടുണ്ട്. വാങ്ങിയ വായ്പാ തുക തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പള്ളിക്കമ്മിറ്റി ഭാരവാഹികളെ സമീപിച്ചപ്പോൾ ധിക്കാരത്തോടെയുള്ള മറുപടിയായിരുന്നു ലഭിച്ചത്. അതിനെ തുടർന്ന് ചിലർ പള്ളിക്കമ്മിറ്റി ഭാരവാഹികൾക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. കടകൾ നൽകാമെന്ന് പറഞ്ഞ് ഡെപ്പോസിറ്റായി ശേഖരിച്ച തുകയാവട്ടെ, പത്തുകോടിയിലധികം വരും. നൂറിലധികം കടമുറികളുണ്ട്. ഒന്നോ രണ്ടോ കടകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഡെപ്പോസിറ്റ് തുകയ്ക്കായി സമീപിച്ചപ്പോൾ അവരോടും വളരെ മോശമായ പ്രതികരണമായിരുന്നു. അവരിൽ ചിലരും വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.
വർഷങ്ങളായി തുടർന്നുവരുന്ന ഇത്തരം വെട്ടിപ്പും തട്ടിപ്പും വ്യക്തമാക്കുന്ന ഒരു കാര്യം അന്വേഷണ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്. 'ഷോപ്പിങ്ങ് കോംപ്ലക്‌സിന്റെ നിർമ്മാണത്തിന് ഫണ്ട് സ്വരൂപിക്കുന്നതിനായി 5 കോടി രൂപ കടമായി വാങ്ങാനും ഷോപ്പുകൾ ലേലം ചെയ്ത് ഡെപ്പോസിറ്റായി ലഭിക്കുന്ന തുകയിൽ 5 കോടി കഴിച്ച് ബാക്കി തുക കമ്മിറ്റിക്കും ഷെയർഹോൾഡേഴ്‌സിനും 50:50 അനുപാതത്തിൽ വീതംവെക്കാനും തീരുമാനിച്ചതായി കാണുന്നു'. വഖഫ് സ്വത്തുക്കൾ ഒരിക്കലും ഇത്തരത്തിൽ വീതംവെക്കാനുള്ളതല്ല. ഇത് മതവിരുദ്ധമായ നടപടികൂടിയാണ്. പള്ളി കോമ്പൗണ്ടിലെ തേക്ക് മരം വിൽപന നടത്തി കിട്ടിയ പണം അക്കൗണ്ടിൽ കാണാനില്ല. ഇത്തരത്തിൽ കണക്കിലെ ക്രമക്കേടുകൾ നിരവധിയാണെന്നാണ് ഓഡിറ്ററുടെ റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയത്. ഇത്തരത്തിൽ അന്വേഷണറിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച വസ്തുതകൾ നിരവധിയാണെന്നും ജയരാജൻ പറഞ്ഞു.




