കണ്ണൂർ: ഫർസീൻ മജീദിനെ കാപ്പ ചുമത്തി ജയിലിൽ അടയ്ക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാർ ഭീകരതയ്‌ക്കെതിരെ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് പ്രതിഷേധ മാർച്ചിൽ സംഘർഷം. പൊലീസ് ബാരിക്കേഡ് മറികടക്കാനും തള്ളി മറിച്ചിടാനും ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പൊലീസ് കലക്ടറേറ്റ് രണ്ടാം കാവാടത്തിൽ ഇന്ന് രാവിലെ പതിനൊന്നരയോടെ പ്രതിഷേധ പ്രകടനവുമായെത്തിയ പ്രവർത്തകർ പ്രതിഷേധ മാർച്ചിന് ശേഷം പൊലിസിന് നേരെ തിരിയുകയായിരുന്നു. വനിതാ പ്രവർത്തകരടക്കമുള്ള നൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരിടാൻ നാനൂറിലേറെ പൊലിസുകാരെ വിന്യസിച്ചിരുന്നു. കണ്ണൂർ എ.സി.പി ടി.കെ രത്‌നകുമാർ ,കണ്ണൂർ പൊലിസ് ഇൻസ്‌പെക്ടർ വിനു മോഹൻ എന്നിവർ മാർച്ചിനെ പ്രതിരോധിക്കാൻ അണിനിരന്നിരുന്നു.

പിണറായി വിജയനായി സ്വന്തം വ്യക്തിത്വം മറന്ന് വിടുപണി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്മാർ ഈ ഭരണം എന്നും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കരുതെന്ന് യുത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി പറഞ്ഞു. യുത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തനിക്കെതിരെയുള്ള പത്തു ലക്ഷത്തിന്റെ അഴിമതി കേസുകൾ ഒതുക്കുന്നതിനാണ് ഡി.ഐ.ജി രാഹുൽ ആർ നായർ മുഖ്യമന്ത്രി പിണറായി വിജയനായി ചാടിക്കളിക്കെടാ കുഞ്ഞിരാമാ എന്ന മട്ടിൽ പ്രവർത്തിക്കുന്നന്നെന്ന് റിജിൽ പറഞ്ഞു. എലി മൂത്ത് പെരുച്ചാഴിയായതല്ല ഡി.ഐ.ജി യെന്ന് ഓർക്കണം. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്റെ അന്തസ് അദ്ദേഹം കാത്തുസൂക്ഷിക്കണമെന്നും റിജിൽ പറഞ്ഞു. കാക്കിയിട്ട് പൊലിസുകാർ സിപിഎമ്മുകാരെ പോലെ പ്രവർത്തിച്ചാൽ അതി ശക്തമായി തിരിച്ചടിക്കുമെന്ന് റിജിൽ മുന്നറിയിപ്പു നൽകി.

പരിപാടിയിൽ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ സുദീപ് ജയിംസ് അധ്യക്ഷനായി. വിനീഷ് ചുള്ളിയാൻ. പ്രനിൽ മതുക്കോത്ത്, റോബർട്ട് വെള്ളാർ വള്ളി തുടങ്ങിയവർ നേതൃത്വം നൽകി.