- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹതടസ്സം മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസ്; വ്യാജ സിദ്ധന് കർശന ഉപാധികളോടെ ജാമ്യം
തിരുവനന്തപുരം: വിവാഹ തടസ്സം മാറ്റിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ റിമാന്റിൽ കഴിഞ്ഞ വ്യാജ സിദ്ധന്, കർശന ഉപാധികളോടെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. പ്രതി 2021 ഒക്ടോബർ 29 മുതൽ റിമാന്റിൽ കഴിയുകയായിരുന്നു.
അര ലക്ഷം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യ ബോണ്ടും തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കണം. ജാമ്യത്തിലിറങ്ങി 3 ദിവസത്തിനകം പാസ്‌പോർട്ട് കോടതിയിൽ കെട്ടി വക്കണം. പാസ്‌പോർട്ട് ഇല്ലാത്ത പക്ഷം വിവരത്തിന് സത്യവാങ്മൂലം സമർപ്പിക്കണം. 6 മാസക്കാലത്തേക്ക് എല്ലാ വ്യാഴാഴ്ചകളിലും പകൽ 10 നും 12 നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. പരാതിക്കാരി താമസിക്കുന്ന പൊലീസ് സ്റ്റേഷൻ ലിമിറ്റിനുള്ളിൽ പ്രവേശിക്കരുത്. കോടതി ജാമ്യ ഉത്തരവ് പാലിക്കാനല്ലാതെ ഫോർട്ട് സ്റ്റേഷൻ ലിമിറ്റിനുള്ളിൽ പ്രവേശിക്കരുത്. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. തെളിവു നശിപ്പിക്കരുത്. ജാമ്യക്കാലയളവിൽ യാതൊരു കുറ്റകൃത്യങ്ങളിലും ഉൾപ്പെടരുതെന്നുമുള്ള കർശന വ്യവസ്ഥയിലാണ് ജാമ്യം നൽകിയത്.
കഴക്കൂട്ടം സ്വദേശിനിയും അവിവാഹിതയുമായ യുവതിയെ പീഡിപ്പിക്കുകയും പിന്നീട് നഗ്‌ന ഫോട്ടോകൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സ്വർണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഫോർട്ട് മണക്കാട് എം.എസ്. കെ.നഗർ സ്വദേശി ദിലീപ് (37) എന്ന പ്രതിക്കാണ് കോടതി ജാമ്യം നൽകിയത്. ഉറക്ക മരുന്ന് കലർത്തിയ ദിവ്യ ഭസ്മം നൽകി ഉറക്കി നഗ്‌നമിത്രമെടുക്കുകയും അത് പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 2018 മുതൽ 2021 വരെ വിവിധ കാലയളവിൽ ബലാൽസംഗം ചെയ്യുകയും 28 പവൻ സ്വർണം തട്ടിയെടുക്കുകയും കുറ്റകരമായ വീഡിയോ , സന്ദേശം അയക്കുകയും ചെയ്തുവെന്നാണ് കേസ്. ദിലീപ് ഇമ്മാതിരി ക്രിമിനൽ പശ്ചാത്തലമുള്ള മറ്റു കേസുകളിൽ പ്രതിയുമാണ്.
തനിക്ക് മന്ത്രമൂർത്തിയുടെ അനുഗ്രഹം ഉണ്ടെന്നും, വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളും വിവാഹത്തിനുള്ള തടസ്സങ്ങളും മാറ്റി തരാമെന്ന് പറഞ്ഞാണ് ഇയാൾ ജനങ്ങളെ കബളിപ്പിച്ചിരുന്നത്. എം.എസ്.കെ നഗറിലെ വീടിനോട് ചേർന്ന് പ്രത്യേക പൂജാമുറിയും സ്ഥാപിച്ചിട്ടുണ്ട്. കഴക്കൂട്ടം സ്വദേശിനിയായ യുവതി ഇയാളെക്കുറിച്ചറിഞ്ഞ് എം.എസ്.കെ നഗറിലെ വീട്ടിലെത്തുകയായിരുന്നു. പ്രസാദമെന്ന രീതിയിൽ യുവതിക്ക് ഉറക്കമരുന്ന് നൽകിയശേഷം യുവതിയുടെ നഗ്‌ന ചിത്രങ്ങൾ ഫോണിൽ എടുക്കുകയും പിന്നീട് ഫോട്ടോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 28 പവൻ സ്വർണ്ണവും പണവും ഇയാൾ കൈവശപ്പെടുത്തിയിരുന്നു. പെൺകുട്ടിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഇയാൾ പെൺകുട്ടിയെ ദേഹോപദ്രവവും ഏൽപ്പിക്കുകയും ചെയ്തിരുന്നു.