- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൺപത്തിരണ്ടാം വയസിലും മാവേലിയായി വിസ്മയിപ്പിച്ച് വല്ലി ടീച്ചർ: പാട്ടും അഭിനയവും നൃത്തവുമായി കലാരംഗത്ത് സജീവം
തലശേരി: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഓണോത്സവ പരിപാടിയിൽ എൺപത്തിരണ്ടാം വയസ്സിലും മാവേലിയായി വല്ലിടീച്ചർ ഏവരുടെയും ആദരവും സ്നേഹവും പിടിച്ചുപറ്റി. കണ്ണൂരിലെ മിക്ക പൊതു വേദികളിലും നിറഞ്ഞു നില്ക്കുന്ന ഈ അദ്ധ്യാപിക കലാരംഗത്തെ വൈവിധ്യ പ്രതിഭയാണ്. പാട്ടും അഭിനയവും നൃത്തവും ചെറുപ്പത്തിലേ ശീലിച്ചതാണ്.
ഡൽഹിയിൽ കേന്ദ്ര ഗവർന്മെന്റ് ഉദ്യോഗസ്ഥനായിരുന്നു പിതാവ്. അതു കൊണ്ട് 1941ൽ ജനിച്ച ടീച്ചർ ഡൽഹി നിവാസിയായി. ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശ്രീകൃഷ്ണ വേഷം ധരിച്ച് ആദ്യമായി നൃത്തത്തിൽ തുടക്കമിട്ടത്.പിന്നീട് പല വേദികളിലും നൃത്തം അവതരിപ്പിച്ചു.അച്ഛന്റെ മരണശേഷമാണ് തളിപ്പറമ്പിൽ എത്തുന്നത്. തൃച്ഛംബരം യു.പി.സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ബാലഗോപാലൻ എന്ന നാടകത്തിൽ വേഷമിട്ടു. അഭിനയരംഗത്തെ ആദ്യ ചുവടു വയ്പായിരുന്നു അത്.
പെൺകുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. ആറാം ക്ലാസോടെ പഠിപ്പു നിർത്താൻ വീട്ടുകാർ ആവശ്യപ്പെട്ടു.പഠിക്കാനുള്ള ആഗ്രഹം മനസിൽ ശക്തമായി.അങ്ങനെ ഒരു ദിവസം ആരോടും പറയാതെ കാടാച്ചിറയിലെ ബന്ധു വീട്ടിലേക്കായി നാടുവിട്ടു.
കാടാച്ചിറയിലെ ബന്ധുക്കളോട് കാര്യം പറഞ്ഞപ്പോൾ കാടാച്ചിറ ഹൈസ്കൂളിൽ അവർ ചേർത്തു പഠിപ്പിച്ചു. അവിടെ നിന്നാണ് 1957 ൽ നടന്ന ആദ്യത്തെ സ്കൂൾ കലോത്സവത്തിൽ പങ്കെടുപ്പിക്കുന്നതും പാട്ടിലും നൃത്തത്തിലും ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിലെത്തുന്നതും.തന്റെ അദ്ധ്യാപന ജീവിതത്തിലും ഇതു തുടർന്നു.കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ടീച്ചറമ്മയായി. തന്റെ വിദ്യാർത്ഥികളെ മക്കളേ എന്നു മാത്രം വിളിച്ചു ശീലിച്ച അമ്മ തുല്യമായ ടീച്ചർ.മക്കളില്ലാത്ത ടീച്ചർ ഒരു പെൺകുട്ടിയെ ദത്തെടുത്തു വളർത്തി പഠിപ്പിച്ചു .
കല്യാണവും നടത്തി.ഉദ്യോഗസ്ഥയായ അവർ കുടുംബത്തോടൊപ്പം വിദേശത്താണ്. കണ്ണൂരിൽ നടക്കുന്ന മിക്ക പരിപാടികളിലും പ്രാർത്ഥനാഗീതം ആലപിക്കുന്നത് ടീച്ചറാണ്. കേരള സംസ്ഥാന രൂപീകരണ സമയത്ത് 1956 ൽ കണ്ണൂരിലെത്തിയ ജവഹർലാൽ നെഹ്രുവിന്വേദിയിൽ വച്ച് റോസാപൂ കൊടുത്തതും അദ്ദേഹം കവിളിൽ തൊട്ടതും ഓർമ്മകളിൽ ഒരംഗീകാരമായി സൂക്ഷിക്കുന്നു. കുട്ടികളുടെ ക്യാമ്പിൽ പരിശീലകയായും എത്താറുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്