കണ്ണൂർ: പാനൂരിൽ ബിജെപിയിലെ ഉൾപാർട്ടി പോര് മൂർച്ഛിക്കുന്നു. പാനൂർ താലൂക്ക് ആശുപത്രി സ്ഥലമെടുപ്പിനായി പണം പിരിവുമായി ബന്ധപ്പെട്ട് ബിജെപി പാനൂർ മണ്ഡലം വൈസ് പ്രസിഡണ്ടും, പാനൂർ നഗരസഭ കൗൺസിലറുമായ എം. രത്നാകരനാണ് ബിജെപി നേതാക്കൾക്കെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധവുമായി രംഗത്തു വന്നത്.

ഇതോടെ പാനൂരിൽ ബിജെപിയിലെ ആഭ്യന്തര കലാപം പാർ പുറത്തേക്കും വ്യാപിച്ചിരിക്കുകയാണ്. നിരവധി ബലിദാനികളുടെ ഭൂമിയായ പാനൂരിൽ ഉൾപ്പോര് മൂർച്ഛിച്ചതിൽ അണികൾ അതൃപ്തിയിലാണ്.

ഇതു സംബന്ധിച്ചു എം. രത്നാകരൻ നൽകിയ പരാതിയും, വിവരാവകാശ രേഖയും തന്റെ എഫ്.ബി അക്കൗണ്ടിൽ പോസ്റ്റ് ചെയ്താണ് പരസ്യമായി പ്രതിഷേധം അറിയിച്ചത്. എട്ട് വർഷം മുൻപ് ആശുപത്രി സ്ഥലമെടുപ്പിനായി പണം പിരിച്ചിട്ട് ഓഡിറ്റ് പോലും നടത്താതെ എന്ത് സുതാര്യതയാണ് സ്ഥലമെടുപ്പ് കമ്മിറ്റി അവകാശപ്പെടുന്നതെന്ന് പോസ്റ്റിൽ ചോദിക്കുന്നു.

ഈ കമ്മിറ്റിയിൽ ബിജെപി നേതാക്കൾ തുടരുന്നത് ലജ്ജാവഹമാണെന്നുമുള്ള കടുത്ത വിമർശനമാണ് എം.രത്നാകരൻ ഉയർത്തുന്നത്.മുൻ ബിജെപി കണ്ണൂർ ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജില്ലാ സെക്രട്ടറി വി.പി.സുരേന്ദ്രൻ എന്നിവരാണ് സ്ഥലമെടുപ്പ് കമ്മിറ്റിയിലെ ബിജെപി പ്രതിനിധികൾ.

ആശുപത്രി സ്ഥലമെടുപ്പ് ധനശേഖരണ വിവാദം മുറുകുന്നതിനിടയിൽ ബിജെപി നേതാവ് തന്നെ, സ്ഥലമെടുപ്പ് കമ്മിറ്റിയിലെ ബിജെപി നേതാക്കൾക്കെതിരെ രംഗത്ത് വന്നത് മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. നേരത്തെ നേതൃത്വത്തിന്റെ നിലപാടുകളിൽ അതൃപ്തിയുള്ള ഒരു വിഭാഗം പാർട്ടിയിൽ നിന്നും വിട്ടു നിൽക്കുകയാണ്. സമവായ ശ്രമത്തിന് ആർ. എസ്. എസ് മുൻകൈയെടുത്ത് കൂടിയാലോചനയോഗങ്ങൾ നടത്തിയെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല.