സുൽത്താൻ ബത്തേരി: കഞ്ചാവും കർണാടക മദ്യവുമായി ബസ് യാത്രികരെ മുത്തങ്ങ ചെക്ക്‌പോസ്റ്റിൽവെച്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അരക്കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയായ ജയന്ത് മൊഹന്ദിയും (28) നാല് ലിറ്റർ കർണാടക വിദേശമദ്യവുമായി മുത്തങ്ങ കല്ലൂർ-67 കുഞ്ഞിരക്കടവ് വീട്ടിൽ സി. ബാലനുമാണ് (56) പിടിയിലായത്. രാവിലെ പത്ത് മണിയോടെ മുത്തങ്ങയിൽ എത്തിയ കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ടിലായിരുന്നു കഞ്ചാവ് കടത്തിയിരുന്നത്.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.ഷറഫുദ്ദീനും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി ജയന്ത് മൊഹന്ദി പിടിയിലായത്. പനമരത്തിനടുത്ത കൂടോത്തുമ്മലിലുള്ള ബംഗാളി തൊഴിലാളികൾക്ക് ചില്ലറ വിൽപ്പന നടത്താനായിരുന്നു കഞ്ചാവ് കൊണ്ടുപോയിരുന്നതെന്ന് ജയന്ത് മൊഹന്ദി എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഇന്ന് വൈകുന്നേരം നാലുമണിയോടെ പൊൻകുഴി-മുത്തങ്ങ കേരള ആർ.ടി.സി ബസിൽ നടത്തിയ പരിശോധനയിലാണ് നാല് കുപ്പി മദ്യവുമായി കല്ലൂർ-67 സ്വദേശിയായ ബാലൻ അറസ്റ്റിലാവുന്നത്. ഗുണ്ടൽപേട്ടിൽ നിന്നും മദ്യം വാങ്ങിയ ഇയാൾ ദീർഘദൂര ബസിലെത്തി പൊൻകുഴിയിലിറങ്ങിയ ശേഷം അവിടെ നിന്നും ലോക്കൽ ബസിൽ കയറുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാരിൽ ചിലർ എക്സൈസ് ചെക്പോസ്റ്റിൽ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു.

കല്ലൂരിലും പരിസരത്തും ചില്ലറ വിൽപ്പന നടത്താൻ ലക്ഷ്യമിട്ടാണ് ഇയാൾ കർണാടക വിദേശമദ്യം കൊണ്ടുവന്നിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കുപ്പിക്ക് 400 രൂപ കർണാടകയിൽ വിലയുള്ള മദ്യത്തിന് ഇരട്ടിയും അതിലധികവും വിലയിട്ടായിരുന്നു ഇയാളുടെ വിൽപ്പന. രണ്ട് പ്രതികളെയും നടപടികൾ പൂർത്തിയാക്കിയതിന് ശേഷം റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ കെ.വി വിജയകുമാർ, എം.ബി ഹരിദാസൻ, എം.സി. ഷിജു, അബ്ദുൾ സലിം സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.ഇ ചാൾസ് കുട്ടി, വി സി നിഷാദ്, ടി.ജി പ്രസന്ന, അഖില, അമൽ തോമസ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.