-കണ്ണൂർ: കണ്ണൂരിൽ പേവിഷബാധയേറ്റു പശു ചത്ത സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് അധികൃതർ അന്വേഷണമാരംഭിച്ചു. പശുവിന് പേപ്പട്ടിയുടെ കടിയേറ്റ പാടുകളോ ദേഹത്ത് മറ്റു മുറിവുകളോ ഇല്ലെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. എന്നാൽ മേയാൻ വയലിലും പറമ്പിലും വിടുന്ന പശു തെരുവ് നായയുടെ സ്രവമടങ്ങുന്ന പുല്ല് തിന്നിട്ടുണ്ടാവാമെന്ന സംശയത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. ഇതേ കുറിച്ചു കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ചാല അമ്പലത്തിനടുത്തെ പ്രസന്ന വളർത്തുന്ന പശുവിനാണ് പേ ഇളകിയത്. ചൊവ്വാഴ്ച രാവിലെയോടു കൂടിയാണ് പശു ചത്തത്. പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തിൽ കാണുന്നില്ലെന്ന കാര്യമാണ് ദുരൂഹത വർധിപ്പിക്കുന്നത് എങ്ങനെയാണ് പേ വിഷ ബാധയേറ്റത് എന്ന കാര്യം വ്യക്തമല്ലെങ്കിലും പുല്ലിൽ നിന്നോ മറ്റോ ആയിരിക്കാം പേ ഏറ്റതെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം.

കണ്ണൂരിൽ നിന്ന് ഡോക്ടർമാർ വന്ന് പരിശോധന നടത്തിയ ശേഷമാണ് പേ വിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ഫയർഫോഴ്‌സ് എത്തി മരത്തിൽ കെട്ടിയിടുകയായിരുന്നു. കറവയുള്ള പശുവായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതൽ തന്നെ പശു അസ്വസ്ഥതകൾ കാണിച്ചിരുന്നുവെന്നും അക്രമാസക്തമായെന്നും വീട്ടുകാർ പറയുന്നു. വീട്ടുകാരെ പല തവണ കുത്താൻ ശ്രമിച്ച പശു ഘോര ശബ്ദത്തിൽ അമറിയിരുന്നു. ഇതിനു ശേഷം ആലയിൽ തന്നെ കെട്ടിയിട്ടതു കൊണ്ട് തന്നെ അധികം പ്രദേശങ്ങളിൽ ഒന്നും പശു പോയിരുന്നില്ല.

കണ്ണൂർ കോർപറേഷൻ . മേയർ ടി.ഒ.മോഹനൻ ഉൾപ്പെടെയുള്ള ആളുകൾ സ്ഥലത്തെത്തി. കോർപറേഷൻ ആരോഗ്യ വിഭാഗം ജീവനക്കാരും നാട്ടുകാരും ചേർന്ന് സുരക്ഷിതമായിത്തന്നെ പശുവിനെ മറവ് ചെയ്തു. പശുവുമായി അടുത്ത് ഇടപെഴകിയ ആൾക്കാർക്കുള്ള കുത്തിവെപ്പ് ഉടൻ തന്നെയെടുക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ നിന്നാണ് ഇവർ കുത്തിവയ്‌പ്പ് സ്വീകരിക്കുക.