കണ്ണൂർ: യുവതലമുറയിൽ പിടിമുറുക്കുന്ന മയക്കുമരുന്ന് ഉപയോഗമുൾപ്പെടെ സമൂഹ വിരുദ്ധ പവർത്തനങ്ങൾക്കെതിരെ ബോധവൽക്കരണവുമായി 'തകരുന്ന യുവത്വം, ഉണരേണ്ട മാതൃത്വം' ശീർഷകത്തിൽ വനിതാലീഗ് സംഘടിപ്പിക്കുന്ന കാംപയിൻ തുടങ്ങി.

യുവാക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും വർധിച്ച് വരുന്ന ലഹരിഉപയോഗത്തിനും അസാന്മാർഗിക പ്രവർത്തനങ്ങൾക്കെതിരെ കുടുംബങ്ങളിലേക്ക് ബോധവൽക്കരണവുമായാണ് കാമ്പയ്ൻ.

ഈമാസം 20 മുതൽ ഒക്ടോബർ 20 വരെ ശാഖാ തലം മുതൽ രക്ഷിതാക്കളിലേക്ക് ബോധവൽക്കരണവുമായാണ് കാംപയിൻ സംഘടിപ്പിക്കുന്നത്. ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടക്കും. കാമ്പയ്ൻ ജില്ലാതല ഉദ്ഘാടനം കണ്ണൂരിൽ ഡെപ്യൂട്ടി മേയർ കെ ഷബീന നിർവഹിച്ചു. വനിതാലീഗ് ജില്ലാ പ്രസിഡന്റ് സി സീനത്ത്അധ്യക്ഷയായി. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ടിഎ തങ്ങൾ, വനിതാലീഗ് സംസ്ഥാന സെക്രട്ടറി റോഷ്‌നി ഖാലിദ്, ജില്ലാ ജനറൽ സെക്രട്ടറി പി സാജിദ, ഭാരവാഹികളായ ഷമീമ ജമാൽ, സക്കീന തെക്കയിൽ സംസാരിച്ചു. അഭിഭാഷക പത്മപ്രിയ ക്ലാസെടുത്തു. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് വികെ അബ്ദുൽ ഖാദർ മൗലവി അനുസ്മരണവും നടന്നു.