പന്തളം: കിണറ്റിൽ നിന്ന് മോട്ടോറുകൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിൽക്കുന്നത് പതിവാക്കിയ യുവാവ് അറസ്റ്റിൽ. ഓട്ടോഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പിടിയിലായ പ്രതി താൻ നടത്തിയ മോഷണങ്ങളുടെ കഥ പൊലീസിനോട് പറഞ്ഞു.

പന്തളം തെക്കേക്കര പറന്തൽ മൈനാപ്പള്ളിൽ ജങ്ഷന് സമീപം കണ്ണൻ കുന്നിൽ പടിഞ്ഞാറേ ചരുവിൽ വാഴമുട്ടം അജി എന്ന് വിളിക്കുന്ന അജി കുമാർ (34) ആണ് പിടിയിലായത്. പെരുംപുളിക്കൽ പടിഞ്ഞാറ്റേതിൽ തെക്കേ മുകടിയത്ത് കിട്ടന്റെ മകൻ ഭാസ്‌കരന്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിലെ കിണറിനുള്ളിൽ ഇട്ടിരുന്ന 18000 രൂപ വിലവരുന്ന മോട്ടോറും 30 മീറ്റർ വയറുമാണ് പ്രതി മോഷ്ടിച്ചത്. ഭാസ്‌കരന്റെ മൊഴി വാങ്ങി കേസെടുത്ത് അന്വേഷിച്ചു വരവേയാണ് നിർണായക വഴിത്തിരിവുണ്ടായത്.

മോഷണമുതലുകൾ വിൽക്കുന്നതിനായി പ്രതി യാത്ര ചെയ്ത ഓട്ടോറിക്ഷയുടെ ഡ്രൈവർ പുഷ്പാംഗദന്റെ മൊഴിയാണ് പൊലീസിന് സഹായകരമായത്. ഇയാളുടെ ഓട്ടോയിലാണ് അജി പന്തളം മെഡിക്കൽ മിഷൻ ജങ്ഷനിലുള്ള ആക്രിക്കടയിൽ മോട്ടോർ പമ്പുകളും വയറും വിറ്റത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൈനാപ്പള്ളിൽ ക്ഷേത്രത്തിനു സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ, ഇത്തരത്തിൽ മുമ്പും മോഷണം നടത്തിയതായി സമ്മതിച്ചു.

കഴിഞ്ഞ 19 ന് രാത്രി ഏട്ടരയ്ക്ക് പന്തളം തെക്കേക്കര പേരുംപുളിക്കൽ പഞ്ഞിപ്പുല്ലുവിളയിൽ രാധാകൃഷ്ണപിള്ളയുടെ മകൻ രാജേഷിന്റെ വീട്ടിലെ കിണറ്റിലെ മോട്ടോർ പമ്പ് മോഷ്ടിച്ചുവെന്ന വിവരമാണ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ ആക്രിക്കടയിൽ നിന്നും അന്വേഷണസംഘം രണ്ട് മോട്ടോർ പമ്പുകളും വയറും കണ്ടെടുത്തു. മോഷണം നടന്ന സ്ഥലത്തിന് സമീപം അടുത്തിടെ മറ്റ് മോഷണ കേസുകളിൽ പ്രതിക്ക് പങ്കുണ്ടോ എന്നറിയാൻ കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാർ നേതൃത്വം നൽകിയ അന്വേഷണത്തിൽ എസ് ഐ ശ്രീജിത്ത് ബി എസ്, സി പി ഓ അർജുൻ എന്നിവർ പങ്കെടുത്തു.