റാന്നി: സിപിഎം.പ്രവർത്തകരുടെ നേതൃത്വത്തിൽ ബിജെപി പഞ്ചായത്തംഗത്തെ യാത്രക്കിടയിൽ തടഞ്ഞു നിർത്തി കുത്തി പരുക്കേല്പിച്ചതായി പരാതി. റാന്നി പഞ്ചായത്ത് പുതുശ്ശേരിമല ഏഴാം വാർഡ് മെമ്പർ അടിച്ചിനാൽ നിരവേലിൽ എ.സ്.വിനോദിനാണ് കുത്തേറ്റത്. വലതു കണ്ണിന്റെ പുരികത്തിൽ പരുക്കേറ്റ വിനോദ് ചികിൽസ തേടി.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏഴാം വാർഡിൽ തനിക്കെതിരെ മത്സരിച്ച് തോറ്റ ബിജുവും സംഘവുമാണ് കുത്തിയതെന്ന് വിനോദ് പറയുന്നു. കാറിനുള്ളിൽ ഇരുന്ന വിനോദിന്റെ കണ്ണിന് നേരെ കുത്തിയപ്പോൾ തല വെട്ടിച്ചതിനാൽ പുരികത്തിൽ കൊള്ളുകയായിരുന്നു. മൂന്ന് തുന്നിക്കെട്ട് വേണ്ടി വന്നു. മർദനത്തിൽ ശരീരത്തിൽ മറ്റ് പരുക്കുകളും ഉണ്ട്. തെരഞ്ഞെടുപ്പിൽ ജയിച്ച നാൾ മുതൽ പാർട്ടിയുടെ നേതൃത്വത്തിൽ തന്നെ വകവരുത്താൻ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നതായും വിനോദ് പറയുന്നു.

ആക്രമണത്തിൽ പരുക്കേറ്റ ഇയാളെ പൊലീസ് എത്തി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സംഘം ചേർന്ന് അക്രമിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് നടപടി ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി ബിജുവിന്റെ ഭാര്യയുടെ പേരിൽ തനിക്കെതിരെ പൊലീസിൽ കള്ള പരാതി നല്കിയതായും വിനോദ് പറഞ്ഞു.