അജ്മാൻ: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് നാടുവിട്ട തിരുവനന്തപുരം പള്ളിക്കൽ സ്വദേശിയെ ഇന്റർപോളിന്റെ സഹായത്തോടെ യുഎഇയിൽ നിന്ന് പിടികൂടി. പള്ളിക്കൽ സ്വദേശി ഫെബിനാണ് (23) പിടിയിലായത്. അജ്മാനിൽ നിന്ന് പിടികൂടിയ പ്രതിയെ കേരള പൊലീസിന് കൈമാറി.

തിരുവനന്തപുരം റൂറൽ ഡിസിആർബി ഡിവൈ എസ് പി വിജുകുമാർ, ഇൻസ്പെക്ടർ ശ്രീജേഷ്, ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് യുഎഇയിലെത്തി നിയമ നടപടികൾ പൂർത്തീകരിച്ചത്.

2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷൻ ക്ലാസിന് പോകുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസം അനുഭവപ്പെട്ടതോടെ സ്‌കൂൾ ടീച്ചർ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

സ്‌കൂൾ അധികൃതർ ഇക്കാര്യം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു. ഇവർ പൊലീസിലെ വിവരം അറിയിച്ചു. കേസ് രജിസ്റ്റർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ പ്രതി വിദേശത്തേക്ക് കടന്നു. തുടർന്ന് പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ഇന്റർപോളിന്റെ സഹായം തേടിയത്.