- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർമ്മയറ്റലഞ്ഞ ആ വൃദ്ധൻ ആരെന്ന ഉത്തരം അദ്ദേഹത്തിന്റെ പേഴ്സിൽ നിന്നും കണ്ടെത്തി ഡിമൻഷ്യ സെന്റർ അധികൃതർ; അച്ഛനെ കൊണ്ടു പോകാൻ മകൻ ബെംഗളൂരുവിൽ നിന്നും പാഞ്ഞെത്തി: മോഹനൻ വീണ്ടും വീടണഞ്ഞു
കൊച്ചി: ഓർമയറ്റ് തെരുവുകൾ തോറും മോഹനൻ അലയാൻ തുടങ്ങിയിട്ട് ദിവസം കുറേയായി. തന്റെ പേരോ വീടെവിടെയാണെന്നോ ഒന്നും മോഹനന് അറിയില്ല. ഒരു മുഖങ്ങളും മോഹനന്റെ ഓർമ്മയിലില്ല. എന്നാൽ അപ്പോഴും അദ്ദേഹം നിധി പോലെ കയ്യിൽ സൂക്ഷിച്ച പഴ്‌സിന്റെ മൂലയിൽ ആ ചോദ്യത്തിനുള്ള ഉത്തരമുണ്ടായിരുന്നു. നോർത്ത് പാലത്തിനു താഴെ അലഞ്ഞുതിരിഞ്ഞ അജ്ഞാതൻ, വി.കെ.മോഹനൻ എന്ന കുന്നംകുളം സ്വദേശിയായിരുന്നു.
പഴ്‌സിനുള്ളിൽ സൂക്ഷിച്ചിരുന്ന ചിത്രങ്ങളുടെ പിന്നിൽ കോറിയിട്ടിരുന്നതു സ്വന്തം പേരു തന്നെ. തന്റെ യൗവനകാല ചിത്രത്തോട് ചേർത്ത് ഭാര്യയുടെ ചിത്രവും ഒട്ടിച്ചിരുന്നു. മോഹനന്റെ സംരക്ഷണച്ചുമതല കഴിഞ്ഞ ദിവസം ഏറ്റെടുത്ത എടവനാക്കാട്ടെ ഡിമൻഷ്യ സെന്ററിന്റെ അഡ്‌മിനിസ്‌ട്രേറ്റർ എ.ഒ.സിന്റോ പഴ്‌സ് ആണ് മോഹനൻ ആരെന്ന് തിരിച്ചറിഞ്ഞത്. അരിച്ചുപെറുക്കിയപ്പോൾ ലഭിച്ച തുണ്ടു കടലാസിലെ ഫോൺ നമ്പറാണു മോഹനനെ ിരിച്ചറിയാൻ വഴിയൊരുക്കിയത്. കടലാസിലെ നമ്പറിൽ വിളിച്ചപ്പോൾ മോഹനന്റെ ഭാര്യയാണു ഫോൺ എടുത്തത്.
കുന്നംകുളം സ്വദേശിയായ മോഹനനെ 29 ദിവസം മുൻപു കാണാതായതാണെന്നു ഭാര്യ വൽസല വെളിപ്പെടുത്തി. മോഹനൻ എവിടെ എന്ന് അറിഞ്ഞതോടെ മകൻ ദീപക് ബെംഗളൂരുവിൽ നിന്നു പറന്നെത്തി, അച്ഛനെ ഒപ്പം കൂട്ടിക്കണ്ടു പോയി. സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന മോഹനന് (65) നാട്ടിലെത്തിയപ്പോഴുണ്ടായ മസ്തിഷ്‌കാഘാതമാണ് ഓർമ നഷ്ടമാക്കിയത്. ഇതിനുശേഷം ഇടയ്ക്കിടെ വീട്ടിൽ നിന്ന് അപ്രത്യക്ഷനാകും. 7 വർഷം മുൻപും വീടുവിട്ടു പോയിരുന്നു. 5 വർഷത്തെ അജ്ഞാതവാസത്തിനു ശേഷം കണ്ടെത്തിയതു മലപ്പുറത്തു നിന്ന്.
അസുഖബാധിതയായ ഭാര്യയുടെ കണ്ണു തെറ്റിയപ്പോഴാണ് വീണ്ടും ഇറങ്ങിപ്പോയത്. കുന്നംകുളം പൊലീസിൽ പരാതി നൽകിയിട്ടും കണ്ടെത്താനാകാതെ കുടുംബം നിരാശരായിരിക്കുമ്പോഴാണ് എടവനക്കാട് നിന്നു വിളിയെത്തുന്നത്. കുന്നംകുളം കോടതിയിൽ ഹാജരാക്കിയ ശേഷം മോഹനനെ മകനൊപ്പം വിട്ടയച്ചു.



