വാളയാർ: റെയിൽവേ ട്രാക്ക് കടക്കുകയായിരുന്ന ആനക്കൂട്ടത്തിലെ പിടിയാന ട്രെയിനിടിച്ചു ചരിഞ്ഞു. വാളയാറിലെ വനമേഖലയിലാണ് സംഭവം. ട്രെയിൻ തട്ടി തുമ്പിക്കൈയ്ക്കു പരുക്കേറ്റ കുട്ടിക്കൊമ്പന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്കു പരുക്കേറ്റു. കൊട്ടാമുട്ടിയിൽ ദുരൈസാമിയുടെ ഭാര്യ സരസുവിനാണു (പാപ്പാൾ58) പരുക്കേറ്റത്. ഇടുപ്പെല്ലിനു പരുക്കേറ്റ ഇവരെ വാളയാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ പുലർച്ചെ 3.15നു കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്സ്‌പ്രസാണ് ആനയെ ഇടിച്ചത്. ഇടിയേറ്റ ആന ഉടൻ ചരിഞ്ഞു.ഹോൺ മുഴക്കിയെങ്കിലും ട്രാക്കിൽനിന്ന് ആനകൾ മാറിയില്ലെന്നു റെയിൽവേ അറിയിച്ചു. ഇടിച്ച ശേഷം, കുറച്ചുമാറി ട്രെയിൻ നിർത്തിയ ലോക്കോ പൈലറ്റാണു വനംവകുപ്പിനെ വിവരമറിയിച്ചത്. 25 മിനിറ്റിനു ശേഷം പരിശോധനകൾ പൂർത്തിയാക്കി എൻജിൻ തകരാറില്ലെന്ന് ഉറപ്പാക്കി ട്രെയിൻ യാത്ര തുടർന്നു.

ചരിഞ്ഞ ആനയ്ക്കരികിൽ ബാക്കിയുള്ള ആനകൾ തമ്പടിച്ചു നിന്നതു നാട്ടുകാരെ ഭീതിയിലാക്കി. പിന്നീടു പടക്കം പൊട്ടിച്ച് ഇവയെ കാടുകയറ്റിയാണു വനം ഉദ്യോഗസ്ഥർ ചരിഞ്ഞ ആനയ്ക്ക് അരികിലെത്തിയത്. പരുക്കേറ്റ കുട്ടിക്കൊമ്പൻ കൂട്ടംതെറ്റി രാവിലെ ജനവാസമേഖയിലേക്കു കയറി. കൊട്ടാമുട്ടിയിൽ, വീടിനു സമീപം പച്ചില ശേഖരിക്കുകയായിരുന്ന സരസുവിനെ ഓട്ടത്തിനിടെ കുട്ടിയാന തട്ടിവീഴ്‌ത്തുകയായിരുന്നു.

ട്രെയിൻ ഇടിച്ചു തലയ്ക്കും വയറ്റിലുമേറ്റ ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നു പോസ്റ്റ്‌മോർട്ടം നടത്തിയ ഡോ.ബിനോയ് സി.ബാബു, ഡോ.ജോയി ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലുള്ള വെറ്ററിനറി ഡോക്ടർമാരുടെ സംഘം അറിയിച്ചു.

പോസ്റ്റ്‌മോർട്ടത്തിനു ശേഷം റെയിൽവേ ട്രാക്കിനരികെ തന്നെ കുഴിയെടുത്ത് ആനയെ സംസ്‌കരിച്ചു. ആനക്കൂട്ടം കടന്നുവരാൻ സാധ്യതയുള്ളതിനാൽ മേഖലയിൽ അടുത്ത ദിവസങ്ങളിൽ പ്രത്യേക പട്രോളിങ് ഏർപ്പെടുത്തുമെന്നു സ്ഥലം സന്ദർശിച്ച സിസിഎഫ് കെ.വിജയാനന്ദ് അറിയിച്ചു. ലോക്കോ പൈലറ്റിനെതിരെ കേസെടുക്കുമെന്നും പരുക്കേറ്റ കുട്ടിക്കൊമ്പനായി നിരീക്ഷണം ഏർപ്പെടുത്തിയെന്നും ഉദ്യോഗസ്ഥ സംഘം പറഞ്ഞു. ട്രെയിൻ പരിമിത വേഗത്തിലായിരുന്നെന്നും സർവീസുകളെ ബാധിച്ചിട്ടില്ലെന്നും റെയിൽവേ അറിയിച്ചു.