- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുടെ കാല് വേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തി; ബാറിൽ പോയി രണ്ടെണ്ണമടിക്കാൻ ഡോക്ടറുടെ കുറിപ്പടി
ഗുരുവായൂർ: സ്വകാര്യ ആശുപത്രിയിൽ കാലു വേദനയുമായി ചികിത്സയ്ക്ക് ചെന്ന രോഗിയേയും ഭർത്താവിനെയും പരിഹസിച്ച് ഡോക്ടർ. വിശ്രമിക്കേണ്ട ആവശ്യമില്ലെന്നും ഓടിച്ചാടി നടന്നാൽ കാലുവേദന മാറുമെന്നും പറഞ്ഞ ഡോക്ടർ ഭാര്യയെ വേദന അലട്ടുന്നുണ്ടെങ്കിൽ ബാറിൽ പോയി രണ്ടെണ്ണമടിക്കാൻ ഡോക്ടറുടെ കുറിപ്പടി നൽകുകയും ചെയ്തു. ബാറിൽ പോയി രണ്ടെണ്ണമടിച്ചാൽ വേദന അറിയില്ലെന്ന് ഭർത്താവിനെ ഉപദേശിച്ച ശേഷമാണ് ഡോക്ടർ ഇത് കുറിപ്പടിയിലാക്കിയത്.
തൃശ്ശൂർ ദയ ആശുപത്രിയിലെ വാസ്‌കുലർ സർജറി വിഭാഗത്തിലെ കൺസൾട്ടന്റ് ഡോ. റോയ് വർഗീസാണ് അപഹസിക്കും വിധം കുറിപ്പെഴുതി നൽകിയത്. ചികിത്സയ്‌ക്കെത്തിയ ഗുരുവായൂർ മമ്മിയൂർ കോക്കൂർ വീട്ടിൽ അനിൽകുമാറിനും ഭാര്യ പ്രിയ (44)യ്ക്കുമാണ് ദുരനുഭവമുണ്ടായത്. വടക്കേക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ജീവനക്കാരിയായ പ്രിയയ്ക്ക് രണ്ടു വർഷത്തിലേറെയായി കാലിന് വേദനയുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇവർ തൃശ്ശൂരിലെ ആശുപത്രിയിൽ എത്തിയത്. വേദനയുണ്ടെന്ന് പറഞ്ഞപ്പോൾതന്നെ എക്സ്റേ എടുക്കാനായിരുന്നു ഡോക്ടറുടെ നിർദ്ദേശം.
ഭാര്യയേയും കൂട്ടി അരമണിക്കൂറിനകം എക്സ്റേ എടുത്ത് ഡോക്ടറുടെ അടുത്ത് തിരിച്ചെത്തി. വല്ലതും മനസ്സിലായോ എന്നായിരുന്നു ആദ്യ ചോദ്യം. നീർക്കെട്ടുള്ളതിനാൽ വേറെ ഡോക്ടറെ കാണിച്ചോളൂവെന്നും ഫിസിയോതെറാപ്പി ചെയ്താൽ നന്നായിരിക്കുമെന്നും നിർദേശിച്ചു. ഭാര്യയ്ക്ക് കാലുകൾ നിലത്തുവെയ്ക്കാൻ പറ്റാത്തത്ര വേദനയാണെന്നും എന്തെങ്കിലും മരുന്നെഴുതി തരണമെന്നും പറഞ്ഞപ്പോഴാണ് തനിക്ക് നേരെ പരിഹാസവാക്കുകൾ ചൊരിഞ്ഞതെന്ന് അനിൽ പറഞ്ഞു. ഉടൻ തന്നെ ബാറിൽ പോയി രണ്ടെണ്ണമടിക്കാൻ കുറിപ്പടിയെഴുതിക്കൊടുത്തു.
മോശമായ പരാമർശമുള്ള ഡോക്ടറുടെ കുറിപ്പടി
മെഡിക്കൽ ഷോപ്പിൽ ചെന്നപ്പോൾ കുറിപ്പടി വായിച്ച് ജീവനക്കാർ ചിരിച്ചപ്പോഴാണ് അനിൽ കാര്യം അറിഞ്ഞത്. 'നോ റെസ്റ്റ് ഫോർ ബെഡ്. കെട്ടിയോൻ വിസിറ്റ് ടു ബാർ ഈഫ് എനി പ്രോബ്ളം' എന്നാണ് ഇംഗ്ലീഷ് അക്ഷരങ്ങളിൽ എഴുതിയത്. ഇത് വായിച്ചതോടെ തങ്ങൾ കടുത്ത മാനസികപ്രയാസത്തിലായെന്ന് പ്രിയ പറഞ്ഞു. ഡോക്ടർക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് അനിൽ പറഞ്ഞു. അതേസമയം ഡോക്ടറുടെ കുറിപ്പടിയിൽ രോഗിയുടെ പേരില്ല.
ഡോക്ടറുടെ സേവനം നിർത്തിയെന്ന് ആശുപത്രി അധികൃതർ
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് രോഗി പരാതി നൽകിയിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് ഡോ. റോയ് വർഗീസിനോട് വിശദീകരണമാവശ്യപ്പെട്ടു. മറുപടി തൃപ്തികരമല്ലാത്തതിനാൽ സേവനം നിർത്തിയെന്നും അധികൃതർ അറിയിച്ചു.



