- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: കണ്ണൂരിൽ കഴിഞ്ഞ ദിവസം ആറുപേരെ കടിച്ചു പരുക്കേൽപ്പിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പാപ്പിനിശ്ശേരി സംരക്ഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്ന നായയെ ഇന്ന് രാവിലെ ചത്ത നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് കണ്ണൂർ റീജിയണൽ ഡിസീസ് ഡയഗ് നോസ്റ്റിക് ലബോറട്ടറിയിൽ പരിശോധനക്ക് വിധേയമാക്കി.
തലച്ചോറിന്റെ ഭാഗങ്ങൾ ഫ്ളൂറസെന്റ് ആന്റി ബോഡി ടെക്നിക്ക് പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവർക്ക് പേവിഷ പ്രതിരോധ തുടർ ചികിത്സ നിർദ്ദേശിച്ചിട്ടുണ്ട്. ലബോറട്ടറി പരിശോധനകൾക്ക് സീനിയർ വെറ്ററിനറി സർജൻ ഡോ. പി.കെ. പത്മരാജ്, വെറ്ററിനറി സർജൻ ഡോ. രഞ്ജിനി എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ ദിവസം രാവിലെ മുനീശ്വരൻകോവിൽ, എസ്. എൻ പാർക്ക് എന്നിവടങ്ങളിൽ നിന്നാണ് ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്ന ആറുപേർക്ക് തെരുവുനായയുടെ കടിയേറ്റത്. മേലെചൊവ്വ സ്വദേശിനി ഷീജ, കീഴ്പ്പള്ളിയിലെ ബൈജു, ഇതരസംസ്ഥാന തൊഴിലാളിയായ ഷോദേവ്, സദർനോ എന്നിവർക്കാണ് കടിയേറ്റത്. പട്ടിക്ക് വാക്സിനേഷൻ കൊടുക്കാനെത്തിയ രണ്ടു മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർക്കും കടിയേറ്റിട്ടുണ്ട്. മണിക്കൂറുകളുടെ ശ്രമഫലമായി കണ്ണൂർ കോർപറേഷൻ ആരോഗ്യവിഭാഗം ജീവനക്കാരും മാർക്ക് പ്രവർത്തകരും കൂടിയാണ് എസ്. എൻ പാർക്ക് റോഡിൽ നിന്നും പട്ടിയെ പിടികൂടിയത്.




