തിരുവനന്തപുരം: കോൺഗ്രസ്സ് അധ്യക്ഷ തിരഞ്ഞെടുപ്പ് കേരളത്തിൽ വോട്ടെടുപ്പ് ഒക്ടോബർ 17 ന് രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ തിരുവനന്തപുരം ഇന്ദിരാഭവനിൽ വെച്ച് നടക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.

വോട്ടെടുപ്പ് സംബന്ധിച്ചുള്ള എല്ലാ തയ്യാറെടുപ്പുകളും കെപിസിസിയിൽ പൂർത്തിയായി. സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രദേശ് റിട്ടേണിംങ്ങ് ഓഫീസർ ജി. പരമേശ്വര എംഎ‍ൽഎയും, അസി. പി.ആർ.ഒ. വി.കെ. അറിവഴകനും വോട്ടെടുപ്പ് നടപടി ക്രമങ്ങൾക്ക് മേൽനോട്ടം നൽകും.

വോട്ട് രേഖപ്പെടുത്താനുള്ള ഐ.ഡി. കാർഡ് ഇതുവരെ വാങ്ങിയിട്ടില്ലാത്ത സമ്മതിദാന അവകാശമുള്ള കെപിസിസി അംഗങ്ങൾക്ക് തിരിച്ചറിയൽ രേഖകൾ (വോട്ടർ ഐ.ഡി/ആധാർ കാർഡുകൾ) സമർപ്പിച്ച് വോട്ടെടുപ്പ് ദിവസം രാവിലെ 9 മണി മുതൽ കെപിസിസി ഓഫീസിന്റെ മുന്നിലെ പ്രത്യേക കൗണ്ടറിൽ നിന്നും അത് കൈപ്പറ്റാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു