മറയൂർ: മറയൂരിലെ ചന്ദനക്കാടുകളുടെ കാവൽക്കാരായ താൽക്കാലിക വാച്ചർമാർക്ക് മൂന്നു മാസമായി ശമ്പളമില്ല. ശമ്പളം ലഭിക്കാതെ ജീവിതച്ചെലവ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ജീവനക്കാർക്ക് പറ്റ്ബുക്കു നൽകിയിരിക്കുകയാണ് വനംവകുപ്പ്. താൽക്കാലിക ജീവനക്കാരുടെ ജീവിതച്ചെലവ് നടത്താൻ സ്വന്തമായി പലചരക്ക് കട തുടങ്ങിയ വനവകുപ്പ് വാച്ചർമാർക്ക് 'പറ്റ് ബുക്ക്' നൽകി.

മറയൂർ ചന്ദന ഡിവിഷനിലെ മറയൂർ, കാന്തല്ലൂർ റേഞ്ചുകളിലായി 250 താൽക്കാലിക വാച്ചർമാരാണ് ജോലി ചെയ്യുന്നത്. ഇവർക്കെല്ലാം ശമ്പളം കിട്ടാതായതോടെയാണ് ഇവർക്കു വേണ്ടി വനംവകുപ്പ് പലചരക്ക് കട തുടങ്ങിയത്. നബാർഡിന്റെ ഫണ്ട് ഉപയോഗിച്ച് ഫോറസ്റ്റ് ഡവലപ്‌മെന്റ് ഏജൻസി നടത്തുന്ന പലചരക്ക് കടയിൽ വാച്ചർമാർക്ക് മാസം 5000 രൂപയാണ് 'പറ്റ്' അനുവദിച്ചിരിക്കുന്നത്. ശമ്പളം കിട്ടുമ്പോൾ ഈ തുക തിരിച്ചു നൽകിയാൽ മതിയെന്നാണ് വനംവകുപ്പ് അധികൃതരുടെ ഉറപ്പ്.

മുൻപും മാസങ്ങളായി ശമ്പളം മുടങ്ങുമ്പോൾ കടയുടമകളിൽ നിന്ന് കടമായി സാധനങ്ങൾ വാങ്ങുകയായിരുന്നു പതിവ്. തുടർന്നാണ് വനംവകുപ്പ് നേരിട്ടു കട തുടങ്ങിയത്. ഈ കടയിൽ നിന്ന് ഒരു വാച്ചർക്ക് മാസം 5000 രൂപ വരെ പറ്റു വാങ്ങാം. ശമ്പളം ലഭിക്കുമ്പോൾ നൽകിയാൽ മതി എന്ന വ്യവസ്ഥയിലാണ് നൽകുന്നത്. എന്നാൽ കുടുംബത്തിലെ മറ്റ് ആവശ്യങ്ങൾക്കും അത്യാഹിത ആവശ്യങ്ങൾക്കും പണം കണ്ടെത്തണമെങ്കിൽ പലിശയ്ക്കു കടം വാങ്ങേണ്ട ഗതികേടിലാണിവർ.

വർഷത്തിൽ നൂറു കോടിയിലധികം രൂപ ചന്ദന ലേലം വഴി ഖജനാവിലേക്ക് എത്തുന്നുണ്ടെങ്കിലും പലപ്പോഴും ശമ്പളം നൽകാനുള്ള ഫണ്ട് സർക്കാർ നൽകാറില്ല. ഇതേസമയം മൂന്നുമാസം കുടിശികയായി ഉള്ള ശമ്പളം വാച്ചർമാർക്ക് ദീപാവലിക്ക് മുൻപു നൽകാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും സർക്കാരിൽ നിന്ന് തുക അനുവദിച്ചു കിട്ടിയാൽ ഉടൻ ശമ്പളം നൽകുമെന്നും മറയൂർ ഡിഎഫ്ഒ എം.ജി.വിനോദ്കുമാർ പറഞ്ഞു.