തിരുവനന്തപുരം:സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വാങ്ങുന്ന 50 ലക്ഷം പേർക്ക് പെൻഷൻ മുടങ്ങി. കഴിഞ്ഞ മാസം 25 ന് വിതരണം തുടങ്ങി ഈ മാസം 6 ന് മുൻപ് ക്ഷേമ പെൻഷൻ നൽകുന്നത് പൂർത്തിയാക്കുമെന്നായിരുന്നു ധനവകുപ്പിന്റെ അവകാശ വാദം. ഇതിനായി ഉത്തരവിറക്കുകയും ചെയ്തു.

എന്നാൽ പെൻഷൻ വിതരണത്തിനുള്ള പണം ഇതുവരെ പെൻഷൻ വിതരണം ചെയ്യേണ്ട കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ഫണ്ട് എന്ന കമ്പനിക്ക് ധനവകുപ്പ് കൈമാറിയിട്ടില്ല. ഈ കമ്പനി പഞ്ചായത്ത് ഡയറക്ടറേറ്റിന് തുക നൽകണം. തുടർന്നാണ് വിതരണം.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ അനുവദിച്ച 774 കോടി സർക്കാർ വക മാറ്റി. ഇതോടെയാണ് ക്ഷേമ പെൻഷൻ മുടങ്ങിയത്. 50 ലക്ഷം പെൻഷൻ കാരിൽ 26 ലക്ഷം പേർ ബാങ്ക് അക്കൗണ്ട് വഴിയും 24 ലക്ഷം പേർ സഹകരണ ബാങ്കുകൾ വീട്ടിലെത്തിച്ചുമാണ് പെൻഷൻ വാങ്ങുന്നത്.

പെൻഷൻ വീട്ടിലെത്തിക്കുന്ന ബാങ്ക് ഏജന്റുമാർക്കുള്ള ഇൻസെന്റിവും ഒരു വർഷമായി നൽകുന്നില്ല. വാഗ്ദാനം നൽകിയെങ്കിലും ക്ഷേമ പെൻഷൻകാരെ പറ്റിക്കുകയാണ് ധനമന്ത്രി ബാലഗോപാലെന്നാണ് ആക്ഷേപം.