കന്യാകുമാരി: സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ അഞ്ച് ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ നാവികസേന പിടികൂടി. കന്യാകുമാരിയിൽ നിന്ന് 50 നോട്ടിക്കൽ മൈൽ ദൂരം വരെ അടുത്തെത്തി മീൻപിടിക്കുകയായിരുന്ന ഇവരെ നാവികസേനയുടെ പട്രോളിംഗിനിടെ പിടികൂടുകയായിരുന്നു. ഇവരുടെ ബോട്ടും നേവി പിടിച്ചെടുത്തു.

മാർക്സ് ജൂഡ് മാസ്റ്റർ, ആന്റണി ഹേമ നിശാന്തൻ, ഇമ്മാനുവൽ നിക്സൺ, ധ്രുവന്ദ ശ്രീലാൽ, സുദേഷ് ഷിയാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ തൂത്തുക്കുടി തുറമുഖത്ത് എത്തിച്ച് തമിഴ്‌നാട് കോസ്റ്റൽ പൊലീസിന് കൈമാറി. സമുദ്രാതിർത്തി ലംഘിച്ച് ഇത്രയും അടുത്ത് എത്തിയതിന് മത്സ്യബന്ധനം അല്ലാതെ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ദാരുവൈക്കുളം കോസ്റ്റൽ പൊലീസ് കേസെടുത്തു, അറസ്റ്റിലായ അഞ്ച് പേരെയും രാമേശ്വരം കോടതിയിൽ ഹാജരാക്കും.

അതേസമയം കഴിഞ്ഞ ദിവസം ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന ആക്രമണം നടത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പുതുച്ചേരി കാരയ്ക്കൽ ഹാർബറിൽ നിന്ന് വ്യാഴാഴ്ച രാത്രി മീൻ പിടിക്കാൻ പോയവരാണ് ആക്രമണത്തിന് ഇരയായത്. സമുദ്രാതിർത്തി ലംഘിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ നാലുപേരുമായി ബോട്ട് ഇന്നാണ് മടങ്ങിയെത്തിയത്.