- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ക്ഷയരോഗ ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്ന് അന്ധതയ്ക്ക് കാരണമാകും': കണ്ണൂരിൽ നടന്ന നേത്രരോഗവിദഗ്ദ്ധരുടെ സമ്മേളനത്തിൽ പഠനറിപ്പോർട്ട്
കണ്ണൂർ: ക്ഷയരോഗ ചികിത്സയിൽ ഉപയോഗിക്കുന്ന എതാംബുട്ടോൾ മരുന്ന് അന്ധതയ്ക്ക് കാരണമാകുമെന്ന വെളിപ്പെടുത്തലുമായി കണ്ണൂർ ഇ.കെ നായനാർ അക്കാദമി ഹാളിൽ നടന്ന നേത്രരോഗവിദഗ്ദ്ധരുടെ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധം. ഡോ ശ്രീനി എടക്ലോൺ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഈക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.
എതാംബുട്ടോളിന്റെ ഉയർന്ന ഡോസാണ് ഈ കാഴ്ച നഷ്ടത്തിന് കാരണമായത്. പക്ഷേ, മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് ട്ഊബർകുലോസിസ് കൈകാര്യം ചെയ്യാൻ ഈ ഉയർന്ന ഡോസ് ആവശ്യമാണ്. ചികിത്സിക്കാത്ത ക്ഷയരോഗവും കാഴ്ചശക്തി നഷ്ടപ്പെടാൻ കാരണമാകുമെന്നും പ്രബന്ധത്തിൽ പറയുന്നു.ക്ഷയരോഗത്തിന് ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് അന്ധത തടയാൻ നേത്രരോഗവിദഗ്ദ്ധരുടെ അടുത്തും ഇടയ്ക്കിടെയും പരിശോധന ആവശ്യമാണെന്നും നിർദ്ദേശമുണ്ട്.
വാതരോഗങ്ങൾ, ചികിത്സിച്ചില്ലെങ്കിൽ കാഴ്ച നഷ്ടപ്പെടും. ഈ രോഗികൾക്ക് ഇടയ്ക്കിടെ അടുത്ത നിരീക്ഷണം ആവശ്യമാണ്. അന്ധതയ്ക്കുള്ള ഒരു പ്രധാന കാരണമാണ് അനിയന്ത്രിതമായ പ്രമേഹം. ഡയബറ്റിക് റെറ്റിനോപ്പതിയും തൽഫലമായുണ്ടാകുന്ന അന്ധതയും തടയുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കർശനമായി നിയന്ത്രിക്കുകയും പതിവ് നേത്ര പരിശോധനയും നിർബന്ധമാണ്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ ബാധിക്കുന്ന പ്രമേഹ സംബന്ധമായ പ്രശ്‌നങ്ങൾ കണ്ടുപിടിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും നേത്രപരിശോധനഏറെ സഹായിക്കും.
മാറ്റാനാവാത്ത അന്ധതയുടെ ഒരു പ്രധാന കാരണം ഗ്ലോക്കോമയാണ്. വേദനയോ മറ്റ് ലക്ഷണങ്ങളോ ഇല്ലാത്ത നിശബ്ദമായ അന്ധമായ അവസ്ഥയായതിനാലും കാഴ്ചയുടെ ഭൂരിഭാഗവും നഷ്ടപ്പെടുന്നതുവരെ രോഗിക്ക് തന്റെ കാഴ്ചശക്തിയുടെ നഷ്ടം തിരിച്ചറിയാനാകാത്തതിനാലും കുറഞ്ഞത് 40 വയസ്സ് കഴിയുമ്പോഴേക്കും എല്ലാവരും നേത്രപരിശോധന നടത്തണം. ചികിത്സയ്ക്ക് ശേഷിക്കുന്ന കാഴ്ചയെ ഫലപ്രദമായി സംരക്ഷിക്കാൻ കഴിയുമെന്നും സയന്റിഫിക് കമ്മിറ്റി കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ് ചെയർമാൻകൂടിയായ ഡോ.ശ്രീനി എടക്ലോൺ അവതരിപ്പിച്ച പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടുന്നു.
കേരള ഒഫ്താൽമിക് സർജന്മാരുടെ സൊസൈറ്റി, കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രി, കണ്ണൂർ ഒഫ്താൽമോളജിക്കൽ സൊസൈറ്റി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തലശ്ശേരി എന്നിവർ ചേർന്ന് ഒഫ്താൽമോളജി ഡീകോഡഡ് 2022 യെന്ന പേരിൽ സംഘടിപ്പിച്ച നേത്രരോഗ വിദഗ്ദ്ധരുടെ സംസ്ഥാന സമ്മേളനം ബർണശേരി ഇ.കെ നായനാർ അക്കാഡമിയിൽ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.
കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ് സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. ശ്രീനി എടക്ലോൺ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോ. ഗോപാൽ എസ്. പിള്ള മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ ഒഫ്താൽമിക് സൊസൈറ്റി പ്രസിഡന്റ് ഡോ. സിമി മനോജ്കുമാർ, ഐ.എം.എ തലശ്ശേരി പ്രസിഡന്റ് ഡോ. ജയകൃഷ്ണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. ഡോ. വനജ രാഘവൻ സ്വാഗതവും കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കോഴിക്കോട് മാനേജിങ് ട്രസ്റ്റി എം.ജി ഗോപിനാഥ് നന്ദിയും പറഞ്ഞു.




