- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനകീയ ഹോട്ടലുകൾ തുടങ്ങാൻ കോർപറേഷന് വിമുഖത: കണ്ണൂർ നഗരത്തിൽ വിശപ്പുരഹിത കേരളം പദ്ധതിക്ക് തിരിച്ചടി
കണ്ണൂർ:കണ്ണൂർ കോർപറേഷൻ പരിധിയിൽ കുടുംബശ്രീ ജനകീയ ഹോട്ടൽ സംരഭങ്ങൾ തുടങ്ങാൻ കോർപറേഷൻ വിമുഖത കാണിക്കുന്നത് സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിക്ക് തിരിച്ചടിയാകുന്നു. അൻപതിലേറെ വാർഡുകളുള്ള കണ്ണൂർ കോർപറേഷനിൽ കാപ്പാട് മാത്രമാണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്. കൊച്ചി, തൃശൂർ, തിരുവനന്തപുരം കോർപറേഷനുകളിൽ പത്തിലേറെ സംരഭങ്ങൾ നഗരത്തിൽ മാത്രം പ്രവർത്തിക്കുമ്പോഴാണ് കണ്ണൂരിൽ പദ്ധതി നടപ്പാക്കാനാവാത്ത സാഹചര്യം നിലനിൽക്കുന്നത്.
നിരവധി അപേക്ഷങ്ങൾ ലഭിക്കുമ്പോഴും കോർപറേഷൻ അനുമതി നൽകാത്തതാണ് കണ്ണൂരിൽ സാധാരണക്കാർക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതിക്ക് തടസമായി മാറുന്നത്. കണ്ണൂർ ജില്ലയിലെ മറ്റു നഗരസഭകളിൽ ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്.സാധാരണക്കാരും ഇതരസംസ്ഥാന തൊഴിലാളികളും ഏറെയുള്ള കണ്ണൂരിൽ ജനകീയഹോട്ടൽ തുടങ്ങുന്നത് വിലക്കയറ്റത്തിൽ എരിപൊരികൊള്ളുന്നവർക്ക് ഏറെ ആശ്വാസകരമായി തീരുമായിരുന്നു.
എന്നാൽ 2020 മാർച്ചിൽ എൽ. ഡി. എഫ് സർക്കാർ തുടങ്ങിയ വിശപ്പുരഹിത കേരളം പദ്ധതിയോട് മുഖംതിരിച്ചു നിൽക്കുകയായിരുന്നു കണ്ണൂർ കോർപറേഷൻ. ഒടുവിൽ ഇതിനെ ചൊല്ലി ഏറെ വിമർശനങ്ങൾ പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ ഉന്നയിച്ചതിനെ തുടർന്ന് കാപ്പാട് പൂട്ടിപ്പോയ ഒരു ഹോട്ടൽ വാടകയ്ക്കെടുത്ത് ജനകീയഹോട്ടൽ ആരംഭിക്കുകയായിരുന്നു.
ഉൾനാടൻ പ്രദേശമായതിനാൽ ഏറെ വിറ്റുവരവ് ലഭിക്കാത്ത സ്ഥലത്ത് ജനകീയ ഹോട്ടൽ തുടങ്ങിയത് ഏറെ വിമർശനത്തിനിടയാക്കിയിരുന്നു. കോർപറേഷൻ അധികൃതർ മനസുവച്ചാൽ കണ്ണൂർ നഗരത്തിൽ തന്നെ അവരുടെ അധീനതയിലുള്ള നിരവധി സ്ഥലങ്ങളുണ്ട്. എന്നാൽ കണ്ണൂർ നഗരത്തിലെ വൻകിട ഹോട്ടലുടമകളുടെ സമ്മർദ്ദമാണ് പദ്ധതി തുടങ്ങുന്നതിൽ നിന്നും കോർപറേഷനെ പുറകോട്ടുവലിക്കുന്നതെന്നാണ് സൂചന. ഇതുകൂടാതെ രാഷ്ട്രീയ കാരണങ്ങളും പദ്ധതി നടത്തിപ്പിനു താൽപര്യകുറവിന് കാരണമായിട്ടുണ്ട്.
വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി സർക്കാർ ഒരു ഊണിന് പത്തുരൂപവച്ചാണ് സബ്സിഡി നൽകുന്നത്. ഒരുവർഷം 60 കോടിയോളം ഇതിനായി ചെലവാക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 55ലക്ഷമാണ് കണ്ണൂരിലുള്ള 92ജനകീയ ഹോട്ടലുകൾക്ക് സഹായധനമായി നൽകും. 500-ലേറെ തൊഴിലാളികളാണ് ജനകീയ ഹോട്ടൽ കൊണ്ടു ഉപജീവനംകഴിക്കുന്നത്. കുടുംബശ്രി മിഷന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇവർക്ക് സബ് സിഡി തുക നൽകുന്നതും മിഷൻ തന്നെയാണ്. ഇത്തരം സംരഭങ്ങൾക്കു ഒരുമാസം ആറുലക്ഷം വരെ സബ്സിഡിയായി കുടുംബശ്രീ വിനിയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ.
നാട്ടുമ്പുറങ്ങളെക്കാൾ ഏറ്റവും കൂടുതൽ ലാഭകരമായി ജനകീയ ഹോട്ടലുകൾ നടന്നുവരുന്നത് നഗരങ്ങളിലാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ് ഇതിനായി ഭൗതിക സാഹചര്യമൊരുക്കേണ്ടത്. കോവിഡ് കാലത്ത് നിയന്ത്രണങ്ങൾ കാരണം ചിലത് അടച്ചുപൂട്ടിയിരുന്നുവെങ്കിലും വീണ്ടും സജീവമായിട്ടുണ്ട്. പത്തിലേറെ തൊഴിലാളികൾ ജോലി ചെയ്യുന്ന കുടുംബശ്രീ സംരഭങ്ങൾ തലശേരിപോലുള്ള നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.നഗരങ്ങളിൽ അൻപതുരൂപയാണ് ഇപ്പോൾ ഉച്ചഭക്ഷണത്തിന്റെ വില. ഈസാഹചര്യത്തിലാണ് വെറും ഇരുപതുരൂപയ്ക്ക് രണ്ടുതരം കറിയും വറവും അച്ചാറുമടങ്ങുന്ന വിഭവസമൃദ്ധമായ ഭക്ഷണം ജനകീയ ഹോട്ടലിലൂടെ ലഭിക്കുന്നത്.
സംസ്ഥാന സർക്കാർ നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി വിശപ്പുരഹിത കേരളം പദ്ധതിയുടെ മേൽ കരിനിഴൽ വീഴുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കാരണം ചെലവും വരവും കൂട്ടിമുട്ടിക്കാനാവാത്ത അവസ്ഥയുണ്ടെന്ന് കുടുംബശ്രീ പ്രവർത്തകർ പറയുന്നു.
നാട്ടുകാരുടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും നിർലോഭമായ പിൻതുണയാണ് സാധാരണക്കാരുടെ അത്താണിയായ ജനകീയ ഹോട്ടലുകളെ നിലനിർത്തുന്നത്. ഒരു ഗ്രാമപഞ്ചായത്തിൽ ഒരു ജനകീയ ഹോട്ടലെന്നാണ് സർക്കാർ വിഭാവനം ചെയ്തെങ്കിലും നാലും അഞ്ചും ഹോട്ടലുകൾ പ്രവർത്തിക്കുന്ന പഞ്ചായത്തുകളുണ്ട്.എന്നാൽ ചിലസമയങ്ങളിൽസബ്സിഡി ലഭിക്കാനുള്ള തടസം മാസങ്ങളോളം നേരിടുന്നുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്.




