കണ്ണൂർ: കണ്ണൂരിൽ എം. എൻ വിജയൻ അനുസ്മരണം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിച്ചുഭരിക്കുകയെന്ന തന്ത്രമാണ് പയറ്റുന്നതെന്ന് കർണാടകയിലെ മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ ആർ. ശിവസുന്ദർ പറഞ്ഞു. കണ്ണൂർ ജവർഹർലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന എം. എൻ വിജയൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഹ്‌മണിക്കൽ മുതലാളിത്തമാണ് ഏറ്റവും വലിയ അപകടമെന്ന് നേരത്തെ തിരിച്ചറിഞ്ഞ ചിന്തകരിലൊരാളായിരുന്നു എം, എൻ വിജയൻ.

രാജ്യത്ത് പിടിമുറുക്കുന്ന ബ്രാഹ്‌മണിക്കൽ മുതലാളിത്വത്തിന്റെ ഏറ്റവും വലിയ ഇരകൾ ദളിതരും,സ്ത്രീകളും ഒ.ബി.സിക്കാരുമാണ്. ക്യാപറ്റിലസത്തിന്റെ ഐഡിയോളജിയും ജാതികളോട് സന്ധി ചെയ്തുമാണ് അതുവളരുന്നത്. ഹിന്ദുത്വഫാസിസം സാമ്പത്തികമായി രാജ്യത്തെ ക്ഷീണിപ്പിക്കുക മാത്രമല്ല ദേശീയ ഭീഷണിയുമായി മാറികഴിഞ്ഞു. അദൃശ്യമായ അടിയന്തിരാവസ്ഥയാണ് രാജ്യത്ത് ഇവർ നടപ്പിലാക്കുന്നത്.
വലിയ വികസനങ്ങളെ കുറിച്ചു പറയുമ്പോഴും പട്ടിണിസൂചികയിൽ ഇന്ത്യവളരെ പിന്നോട്ടുപോയെന്ന കണക്കുകൾ പുറത്തുവരികയാണ്. സുസ്ഥിര ഫാസിസാണ് ആർ. എസ്. എസ് രാജ്യത്ത് നടപ്പിലാക്കുന്നത്. രണ്ടാംലോകമഹായുദ്ധത്തോടെ ഫാസിസം ഇല്ലാതായിട്ടില്ല. ഫാസിസമെന്ന ചിന്താപദ്ധതി മറ്റുപലരൂപങ്ങളിൽ നിലനിൽക്കുകയാണ്.

ഫാസിസ്റ്റ ചിന്തകൾ പേറുന്ന വലതു പാർട്ടികൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ അധികാരത്തിൽ വരികയാണ്. ഈ ചിന്താധാരയിൽ മോദിക്ക് രണ്ടാമാനായി രാഹുൽ ഗാന്ധിയെയും മൂന്നാമനായി പിണറായി വിജയനെയും മാറ്റാൻ അതിനു കഴിഞ്ഞിട്ടുണ്ട്.

കർണാടകയിൽ ഭാരത്് ജോഡോ യാത്ര നടത്തിയ രാഹുൽ ടിപ്പുസുൽത്താന്റെ സ്മാരകമുൾപ്പെടുന്ന ശ്രീരംഗപട്ടണം സന്ദർശിച്ചില്ല. ആം ആദ്മി പാർട്ടിയുടെയടക്കം രാഷ്ട്രീയ പ്രചരണജാഥകൾ അയോധ്യയിൽ നിന്നും എന്തിനാണ് തുടങ്ങുന്നതെന്നും അദ്ദേഹം ചോദിച്ചു. വിശപ്പിന്റെ രാഷ്ട്രീയം ഇന്ത്യയിൽ ചർച്ച ചെയ്യുന്നതിൽ ഇടതുപാർട്ടികൾ ഉൾപ്പെടെ പരാജയപ്പെട്ടു. 2016-നോട്ടുനിരോധനവും ജി. എസ്. ടി. നടപ്പാക്കലും കൊവിഡും കാരണം രാജ്യത്ത് ദാരിദ്ര്യം നടമാടിയപ്പോഴും വീണ്ടും അധികാരത്തിൽ വരാൻ നരേന്ദ്ര മോദിയെ സഹായിച്ചത് ആർ. എസ്. എസിന്റെ സൂക്ഷ്മ നീക്കങ്ങളാണ്.

കോടതികൾ യു. എ. പി. എ ചുമത്തി ആളുകളെ ജയിലിൽ അടയ്ക്കുമ്പോൾ പൊലിസിന്റെ ഭാഗം മാത്രമേ കേൾക്കുന്നുള്ളൂ. ഭീമകൊറഗസംഭവത്തിലും ജി. എം സത്യസായിബാബയുടെ ജാമ്യം 180ദിവസത്തിനു ശേഷം റദ്ദാക്കിയതും ഇതിനു തെളിവാണെന്ന് ശിവസുന്ദർ ചൂണ്ടിക്കാട്ടി. എംപി രാധാകൃഷ്ണൻ അധ്യക്ഷനായി. എ.കെ നരേന്ദ്രൻ അധ്യക്ഷനായി. എൻ.പി ചേക്കുട്ടി, എം. എം സോമശേഖരൻ, ഡോ. ആസാദ് എന്നിവർ സംസാരിച്ചു. പി.പി മോഹനൻ സ്വാഗതവും എം.ബിജുനന്ദിയും പറഞ്ഞു.